കൊട്ടാരക്കര: സ്കൂൾ പരിസരങ്ങളിൽ ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിൽ അടയ്ക്കുമെന്ന് റൂറൽ എസ്.പി ഹരിശങ്കർ അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ 64 കടകളിൽ പരിശോധന നടത്തി ലഹരി വസ്തുക്കൾ വിൽപ്പന നടത്തിയ 40 പേരെ റിമാന്റ് ചെയ്തു. പത്ത് അംഗങ്ങളുള്ള ആന്റി നാർക്കോട്ടിക് സ്ക്വാഡിന് രൂപം നൽകിയിട്ടുണ്ട്. കഞ്ചാവ് വിൽപ്പനക്കാരുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കുന്നുണ്ട്. ബ്ളാക് സ്ക്വാഡ്സ് സ്കൂൾ പരിസരങ്ങളിലും കോളനികളിലും അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിലും നിരീക്ഷണം നടത്തും.
ആര്യങ്കാവിൽ മഫ്ടി ടാസ്ക്
ഫോഴ്സിനെ നിയോഗിക്കും
ആര്യങ്കാവ് ചെക്ക്പോസ്റ്റ് വഴിയാണ് ജില്ലയിലേക്ക് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും എത്തിയ്ക്കുന്നത്. പൊലീസിന് ഔട്ട്പോസ്റ്റ് ഉണ്ടെങ്കിലും മതിയായ സൗകര്യങ്ങളില്ല. ഇവിടെ നിയോഗിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥന് ഇരിക്കാനും കിടക്കാനുമടക്കം സംവിധാനങ്ങളില്ല. ജീർണിച്ച പഴയ കെട്ടിടത്തിൽ പാമ്പുകളെ ഭയന്നാണ് ഡ്യൂട്ടി ചെയ്യേണ്ടത്. ഇതിന് പരിഹാരമുണ്ടാക്കും. ഒരു മാസത്തിനകം ഇവിടെ മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കും. മഫ്ടി ടാസ്ക് ഫോഴ്സ് ടീമിനെ നിയോഗിക്കും. ആര്യങ്കാവ് അടങ്ങുന്ന തെന്മല സ്റ്റേഷനുവേണ്ടി കൺട്രോൾ റൂം വെഹിക്കിൾ ലഭ്യമാക്കും.
ഓണക്കാലത്തിന്
പ്രത്യേക നിരീക്ഷണം
ഓണക്കാലം മുൻകൂട്ടിക്കണ്ട് ലഹരി വസ്തുക്കൾ എത്തുവാൻ സാദ്ധ്യതയുണ്ട്. പ്രധാന കവലകളിൽ ഓണക്കാല ഗതാഗത പരിഷ്കാരങ്ങൾ നടപ്പാക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് യോഗം വിളിച്ചുകൂട്ടും. മോഷണവും പെരുകാൻ സാദ്ധ്യതയുണ്ട്. അന്യസംസ്ഥാനക്കാർ ബെഡ്ഷീറ്റുകളും മറ്റ് നിത്യോപയോഗ സാധനങ്ങളുമായി വീടുകളിലേക്ക് വരാറുണ്ട്. ഇതിൽ മോഷ്ടാക്കളും ഉണ്ടാകും. പകൽ വീടും പരിസരവും ബോദ്ധ്യപ്പെട്ട ശേഷം രാത്രിയിൽ മോഷ്ടിക്കാനാണ് ഇവരുടെ നീക്കം. വീട് പൂട്ടിപ്പോകുന്നവർ ബന്ധപ്പെട്ട പൊലീസിൽ വിവരം അറിയിക്കണം. ബാങ്കുകളുടെ സുരക്ഷയ്ക്കായി ക്ളസ്റ്റർ പട്രോളിംഗ് ഏർപ്പെടുത്താൻ ആലോചിക്കുന്നുണ്ട്. പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് ബുക്ക്ലറ്റ് ഉടൻ ഇറക്കുന്നുണ്ട്.
പൊലീസിന്റെ മുഖം മാറുന്നു
റൂറൽ ജില്ലയിലെ കൊട്ടാരക്കര, ശാസ്താംകോട്ട, കുണ്ടറ, പത്തനാപുരം, തെന്മല, അഞ്ചൽ പൊലീസ് സ്റ്റേഷനുകൾ നവീകരിക്കുന്ന പദ്ധതി നടപ്പാക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും. ഒപ്പം പൊലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും ബുദ്ധിമുട്ടുകളും മാറും. പൊലീസിന്റെ സമീപന രീതിയിൽ കാതലായ മാറ്റം വരുത്തുന്നുണ്ട്. പൊലീസ് ചെയ്യുന്ന പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് വീഡിയോ പകർത്താവുന്നതാണ്.