vilang

കൊല്ലം: എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വിവിധ കേസുകളിലായി അഞ്ച് പേർ അറസ്റ്റിലായി. ഓപ്പറേഷൻ ഡ്രഗ് ഫ്രീ കൊല്ലത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് 125 പൊതി കഞ്ചാവും പിടിച്ചെടുത്തു.

കുരീപ്പുഴ ചിറ്റേടത്ത്തെക്കതിൽ അനന്തു (19), കുരീപ്പുഴ ആലുവിള കിഴക്കതിൽ ഹക്കിം (19),കുരീപ്പുഴ തണ്ടേക്കാട് ജയന്തി കോളനിയിൽ ജോമോൻ (20), കുരീപ്പുഴ തൂണ്ടക്കാട് ജയന്തി കോളനിയിൽ ഉമേഷ്(19), കുരീപ്പുഴ ആര്യഭവനം വീട്ടിൽ അനന്തു (18) എന്നിവരാണ് കൊല്ലം എക്‌സൈസ് സി.ഐ ഐ.നൗഷാദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അറസ്റ്റിലായത്. സ്കൂൾ പരിസരങ്ങളിൽ കഞ്ചാവ് വിൽക്കുന്നതിലെ പ്രധാന കണ്ണികളാണ് ഇവർ. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന ഇവർ വൻകിട കച്ചവടക്കാർക്ക് വേണ്ടി അന്യ സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തിക്കാറുണ്ട്. എക്സൈസ് ഉദ്യോഗസ്ഥർ ദിവസങ്ങൾ നീണ്ട പരിശോധനയിലൂടെയാണ് ഇവരെ കുടുക്കിയത്. അസി. എക്സൈഡ് കമ്മിഷണർ ജെ.താജുദീൻ കുട്ടി കേസിന്റെ തുടരന്വേഷണം ഏറ്റെടുത്തു.

 കഞ്ചാവ് വാങ്ങാനുള്ള പണത്തിനായി

കഞ്ചാവ് വിൽപ്പന

കഞ്ചാവ് വലിക്കാനുള്ള പണത്തിനായാണ് ഇവർ കഞ്ചാവ് വിൽപ്പനയിൽ സജീവമായതെന്ന് ചോദ്യം ചെയ്യലിനിടെ സമ്മതിച്ചു. യുവാക്കളെയും കുട്ടികളെയും കഞ്ചാവിന് അടിമകളാക്കാൻ കോളനികൾ കേന്ദ്രീകരിച്ച് സൗജന്യമായി ഇവർ കഞ്ചാവ് നൽകാറുണ്ടായിരുന്നു. കൂടുതൽ താൽപ്പര്യം കാണിക്കുന്ന കുട്ടികളെ കൂടെ നിറുത്തി കഞ്ചാവ് വിൽപ്പന നടത്തുന്നതും ഇവരുടെ പതിവായിരുന്നു.

ലൈസൻസ് ഇല്ലാതെ പവർ ബൈക്കുകളിൽ കറങ്ങി നടന്ന് കഞ്ചാവ് കച്ചവടം നടത്തുന്നവരെ പിടികൂടാൻ എക്സൈും മോട്ടോർ വാഹന വകുപ്പും സംയുക്ത പരിശോധന നടത്തും

സ്‌കൂൾ കോളേജ് പരിസരങ്ങളിൽ ബൈക്കിൽ കറങ്ങി നടന്ന് ശല്യമുണ്ടാക്കുന്നവരുടെ ബൈക്കുകൾ പിടിച്ചെടുത്ത് നടപടികൾക്കായി പൊലീസിനും മോട്ടോർ വാഹന വകുപ്പിനും കൈമാറും

 അന്യ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കാൻ പണവും ലഹരിയും നൽകി കുട്ടികളെ ഉപയോഗിക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചു

................................

മക്കൾ കൂടുതൽ സമയം വീട്ടിൽ നിന്ന് വിട്ടു നിൽക്കുന്നതും ദിവസങ്ങളോളം വീട്ടിൽ വരാതിരിക്കുന്നതും രക്ഷിതാക്കൾ ശ്രദ്ധിക്കണം. കുട്ടികൾ ലഹരിക്ക് അടിപ്പെടുന്ന പ്രവണത ഏറുകയാണ്.

ഐ.നൗഷാദ്

കൊല്ലം എക്‌സൈസ് സി.ഐ