navas
കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തുന്നു

ശാസ്താംകോട്ട: ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി എന്ന സ്ഥാനത്തു നിന്ന് ഏക രാഷ്ട്രീയ പാർട്ടി എന്ന നിലയിലേക്ക് ബി.ജെ.പി സമീപ ഭാവിയിൽ മാറുമെന്ന് മിസോറാം മുൻ ഗവർണർ കുമ്മനം രാജശഖരൻ. ശൂരനാട് വടക്ക് പുലിക്കളത്ത് നടന്ന ഗൃഹസമ്പർക്ക പരിപാടിയിൽ അംഗത്വ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാർട്ടി എന്ന് അവകാശപ്പെട്ടിരുന്ന കോൺഗ്രസ് ഇന്ന് ഒരു ദേശീയ നേതാവിനായി പരക്കം പായുകയാണ്. പാർലമെന്റ് തിരഞ്ഞെടുപ്പോടെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഭാരതത്തിൽ നിന്ന് അപ്രസക്തമായി. ഒരു കാലത്ത് ഭാരതത്തിലെ ഏറ്റവും വലിയ രാഷ്ടീയ പാർട്ടിയായിരുന്ന കോൺഗ്രസ് ഇന്ന് ഒന്നോ രണ്ടോ സംസ്ഥാനങ്ങളിൽ മാത്രമായി ചുരുങ്ങി. കർണ്ണാടകത്തിൽ അവസരവാദത്തിന്റെ പിൻബലത്തിൽ ഏച്ചുകെട്ടിയ കോൺഗ്രസ് മുന്നണി തകർന്നു,​ കോൺഗ്രസ് രാഷ്ടീയത്തിന്റെ തകർച്ചയുടെ കലാശക്കൊട്ടാണ് ഇനി കാണാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ്,​ യുവമോർച്ച ജില്ലാ പ്രസിഡന്റ് വി.എസ്. ജിതിൻ ദേവ്,​ മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഡി. സുരേഷ്,​ പി.എൻ. മുരളീധരൻപിള്ള,​ മുതുപിലാക്കാട് രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.