കൊട്ടാരക്കര: ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ പത്തനാപുരം ഗാന്ധി ഭവൻ നടത്തുന്ന കരീപ്ര ശരണാലയത്തിലെ ടെറസിലെ പച്ചക്കറി കൃഷിക്ക് നൂറുമേനി വിളവ്. ഉറ്റവരും ഉടയവരും ഇല്ലാത്തവരുടെ സ്നേഹവും സംരക്ഷണവുമാണ് ശരണാലയത്തിന്റെ ടെറസിലെ പച്ചക്കറി കൃഷി വൻ വിജയമാകാൻ കാരണം. അഞ്ഞൂറ് ഗ്രോ ബാഗുകളിലായി ഇവിടെ വഴുതന, മുളക്, തക്കാളി, വെണ്ട, പയർ, അമര എന്നിവ നട്ടു. നവംബറിലാണ് കൃഷി തുടങ്ങിയത്. ട്രിപ്പ് ഇറിഗേഷൻ വഴിയാണ് വെള്ളമെത്തിച്ചത്. ജൈവ വളം മാത്രമാണ് നൽകിയതും. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ പത്തനാപുരം ഗാന്ധി ഭവൻ നടത്തുന്ന ശരണാലയത്തിൽ 60 അന്തേവാസികളാണുള്ളത്. കാർഷിക നന്മയുടെ വഴിയേ മുൻപ് സഞ്ചരിച്ചിട്ടുള്ള ഇവിടത്തെ അന്തേവാസികൾക്ക് കൃഷി ചെയ്യാൻ മറ്റൊരു പരിശീലനം വേണ്ടിവന്നില്ല.
അന്തേവാസികളുടെ മാനസിക ഉല്ലാസത്തിനും ആരോഗ്യ സംരക്ഷണത്തിനുമായാണ് ടെറസിലെ കൃഷി ആരംഭിച്ചത്. സംസ്ഥാന സർക്കാരിന്റെ പച്ചക്കറി വികസന പദ്ധതി പ്രകാരം കരീപ്ര ഗ്രാമ പഞ്ചായത്തും കൃഷിഭവനും ഇവർക്കാവശ്യമുള്ള എല്ലാ സഹായങ്ങളും നൽകുന്നുണ്ട്. ഗ്രോ ബാഗിലാണെങ്കിലും ചെടികൾ തലയെടുപ്പോടെ വളർന്നു. ജൂൺ 22ന് ആദ്യ വിളവെടുപ്പ് വലിയ ആഘോഷമായാണ് നടത്തിയത്. ഇപ്പോൾ ദിവസവും പറിച്ചെടുക്കാൻ വേണ്ടതിലധികം പച്ചക്കറിയുണ്ട്. ശരണാലയത്തിന്റെ നടുമുറ്റത്ത് പടർന്ന് പന്തലിച്ച മുന്തിരിയും നിറയെ കായ്ച്ചിട്ടുണ്ട്. ശരണാലയത്തിൽ വളരെ കുറച്ച് ഭൂമി മാത്രമാണുള്ളത്. അതുകൊണ്ടാണ് ടെറസിൽ കൃഷി തുടങ്ങിയത്. മികച്ച വിളവ് കിട്ടിയതിന്റെ സന്തോഷത്താൽ വീണ്ടും കൃഷിയിറക്കാനുള്ള തയ്യാറെടുപ്പിലാണ് ശരണാലയത്തിലെ അന്തേവാസികൾ.
മികച്ച വിളവ്, അതിലിരട്ടി ആവേശം
കരീപ്ര ശരണാലയത്തിന്റെ ടെറസിൽ പച്ചക്കറി കൃഷി തുടങ്ങിയത് വലിയ ആവേശത്തിലാണ്. വിത്ത് വിതയ്ക്കാനും വിളവെടുക്കാനും ഇവിടുത്തെ അച്ഛനമ്മമാർ മത്സരിക്കുകയാണ്. അവരുടെ സ്നേഹവും കരുതലുമുള്ളതുകൊണ്ടാണ് മികച്ച വിളവ് ലഭിച്ചത്.
(പി.എസ്. അമൽരാജ്, വൈസ് ചെയർമാൻ, ഗാന്ധിഭവൻ)