thief

കൊല്ലം: പരവൂരിൽ ആളില്ലാതിരുന്ന വീടിന്റെ വാതിൽ കുത്തി തുറന്ന് 40 പവനും 50,000 രൂപയും കവർന്നു.പരവൂർ ദയാബ്‌ജി ജംഗ്‌ഷൻ അനിതാ ഭവനിൽ മോഹൻലാലിന്റെ വീട്ടിലാണ് മോഷണം നടന്നത്.മോഹൻലാൽ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ആയിരുന്നതിനാൽ മൂന്ന് ദിവസമായി വീട്ടിൽ ആളുണ്ടായിരുന്നില്ല.

ഇന്നലെ പുലർച്ചെ മോഹൻലാലിന്റെ മകൻ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോക്റായ ഗിരീഷ് വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. മുൻവാതിലിന്റെ പൂട്ട് തകർത്ത് കയറിയ മോഷ്ടാക്കൾ കിടപ്പ് മുറിയിലെ അലമാരയിലെ ലോക്കറിൽ നിന്നാണ് സ്വർണ്ണവും പണവും കവർന്നത്. 20 വളകൾ, ഏഴ് നെക്ക്ലസ് എന്നിവ അടങ്ങുന്ന ആഭരണങ്ങളാണ് നഷ്ടമായത്. എല്ലാ മുറികളിലെയും അലമാരകളിൽ നിന്ന് സാധനങ്ങൾ പുറത്ത് വലിച്ചിട്ട നിലയിലായിരുന്നു. അലമാരകൾ കുത്തി പൊളിക്കാൻ ഉപയോഗിച്ച കോടാലി, കത്തി എന്നിവ പൊലീസിനു ലഭിച്ചു. വീട്ടിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണിന്റെ ബാറ്ററിയും സിം കാർഡും ഇളക്കി മാറ്റിയ നിലയിലായിരുന്നു. ചാത്തന്നൂർ എ.സി.പി ജോർജ് കോശി, പരവൂർ സി.ഐ എസ്.സാനി എന്നിവരുടെ നേതൃത്വത്തിൽ നേതൃത്വത്തിൽ പൊലീസ് പ്രാഥമിക പരിശോധനകൾ നടത്തിയ ശേഷം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദർ, ഡ‌ോഗ് സ്ക്വാഡ് എന്നിവർ എത്തി കൂടുതൽ തെളിവുകൾ ശേഖരിച്ചു. മൂന്ന് ദിവസം വീട്ടിൽ ആളില്ലാതിരുന്നതിനാൽ ഏത് ദിവസമാണ് മോഷണം നടന്നതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. സ്ഥല പരിചയം ഉള്ളവരാണ് മോഷണത്തിന് പിന്നിലെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.