കുന്നത്തൂർ: ശാസ്താംകോട്ട, കരുനാഗപ്പള്ളി റെയിൽവേ സ്‌റ്റേഷനുകൾക്കിടയിലുള്ള മൈനാഗപ്പള്ളിയിൽ റെയിൽവേ ഓവർ ബ്രിഡ്ജ് നിർമ്മാണത്തിന് അനുമതി ലഭിച്ചതോ
ടെ പ്രദേശവാസികളുടെ വർഷങ്ങളായുള്ള സ്വപ്നം നിറവേറുന്നു. മൈനാഗപ്പള്ളി ഓവർ ബ്രിഡ്ജിന്റെ അലൈൻമെന്റ് ഡ്രായിംഗ് സംസ്ഥാന സർക്കാരിൽ നിന്ന് ലഭിച്ച ശേഷം തുടർനടപടികൾ കൈക്കൊള്ളും. കേരള സർക്കാരിൽ നിന്നും റോഡ് ഓവർ ബ്രിഡ്ജുകൾക്ക് മുൻഗണനാ പട്ടിക ലഭിച്ചിട്ടില്ല. കഴിഞ്ഞ 3 വർഷത്തിനിടെ 53 ഓവർ ബ്രിഡ്ജുകൾ ചെലവ് പങ്കിടൽ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് അനുവദിച്ചെങ്കിലും മൈനാഗപ്പള്ളിയെ സംസ്ഥാന സർക്കാർ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നും കേന്ദ്ര മന്ത്രി കൊടിക്കുന്നിൽ സുരേഷിനെ അറിയിച്ചു. മിനിട്ടുകളുടെ ഇടവേളയിൽ നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന കരുനാഗപ്പള്ളി പ്രധാന പാതയിലെ തടത്തിൽമുക്ക് റെയിൽവേ ഗേറ്റിൽ കുടുങ്ങി കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ മരിച്ചവർ നിരവധിയാണ്. ദിവസവും ഇരുഭാഗത്തേക്കുമായി നൂറോളം ട്രെയിനുകളാണ് മൈനാഗപ്പള്ളിയുടെ ഹൃദയത്തെ കീറി മുറിച്ച് കടന്നു പോകുന്നത്. ഈ സമയത്ത് അടയ്ക്കുന്ന റെയിൽവേ ഗേറ്റ് തുറക്കാൻ അരമണിക്കൂറോളം വേണ്ടിവരുന്നതിനാൽ തടത്തിൽമുക്ക് ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാവും. പാമ്പ് കടിയേറ്റ കുട്ടിയുമായി ആശുപത്രിയിൽ പോകവേ വാഹനം റെയിൽവേ ഗേറ്റിൽ കുടുങ്ങിയതിനാൽ സമയത്ത് ചികിത്സ ലഭിക്കാതെ മരിച്ച സംഭവവും ഇവിടെയുണ്ടായിട്ടുണ്ട്.
ഒരു ലക്ഷം പേർ ഒപ്പിട്ട നിവേദനം
2011 ൽ ഓവർ ബ്രിഡ്ജ് നിർമ്മിക്കണമെന്ന ആവശ്യമുന്നയിച്ച് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്കും കൊടിക്കുന്നിൽ സുരേഷ് എം.പിക്കും ഒരു ലക്ഷം പേർ ഒപ്പിട്ട നിവേദനം നൽകിയിരുന്നു. റെയിൽവേ ഗേറ്റുകളുടെ ആധിക്യത്താൽ വീർപ്പുമുട്ടുന്ന മൈനാഗപ്പള്ളിയിൽ പ്രധാന റൂട്ടിലുള്ള തടത്തിൽമുക്കിൽ ഓവർ ബ്രിഡ്ജ് നിർമ്മിക്കണമെന്ന ആവശ്യത്തോട് അധികൃതർ മുഖം തിരിച്ചു നിൽക്കുകയായിരുന്നു.