സംഘടനാ പ്രവർത്തനം നടത്തില്ലെന്ന് ഉറപ്പ് നൽകി മൂന്ന് പേർ തിരികെ പ്രവേശിച്ചു
കൊല്ലം:സസ്പെൻഷനിലായിരുന്ന മൂന്ന് എസ്.എഫ്.ഐ പ്രവർത്തകർ കാമ്പസിൽ സംഘടനാ പ്രവർത്തനം നടത്തില്ലെന്ന് ഉറപ്പ് നൽകി കോളേജിൽ തിരികെ പ്രവേശിച്ചു. സസ്പെൻഷനിലായ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും അടക്കമുള്ള നാല് പേർ അച്ചടക്ക നടപടി പിൻവലിക്കാൻ കോളേജ് അധികൃതർ മുന്നോട്ട് വച്ച ആവശ്യങ്ങൾ അംഗീകരിക്കാതിരിക്കുമ്പോൾ മറ്റ് മൂന്നുപേർ സംഘടനയെ തള്ളിയത് എസ്.എഫ്.ഐയിൽ ഭിന്നത സൃഷ്ടിച്ചിരിക്കുകയാണ്.
അദ്ധ്യയന സമയത്ത് ക്ലാസിൽ കയറി വിദ്യാർത്ഥികളെ ബലം പ്രയോഗിച്ച് വലിച്ചിറക്കുകയും തടയാൻ ശ്രമിച്ച പ്രിൻസിപ്പൽ അടക്കമുള്ള അദ്ധ്യാപർക്ക് നേരെ അസഭ്യം പറഞ്ഞ് വധഭീഷണി മുഴക്കുകയും ചെയ്ത ഏഴ് എസ്.എഫ്.ഐ പ്രവർത്തകരെ ഈ മാസം 3നാണ് കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തത്. കോളേജ് കൗൺസിൽ നിയോഗിച്ച അന്വേഷണ സമിതി ഏഴ് പേരുടെയും ഭാഗത്ത് ഗുരുതരമായ അച്ചടക്ക ലംഘനം ഉണ്ടായതായി കണ്ടെത്തി. അന്വേഷണ റിപ്പോർട്ട് പരിഗണിച്ച കോളേജ് കൗൺസിൽ യോഗത്തിൽ ഏഴ് പേരെയും കോളേജിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യമുയർന്നു. മാനുഷിക പരിഗണന നൽകണമെന്ന് പ്രിൻസിപ്പലിന്റെ നിർദ്ദേശം പരിഗണിച്ച് സംഘടനാ പ്രവർത്തനം നടത്തില്ലെന്ന് ഉൾപ്പടെയുള്ള 21 ഉറപ്പുകൾ എഴുതി വാങ്ങിയ ശേഷം സസ്പെഷൻ പിൻവലിക്കാൻ കൗൺസിൽ യോഗം തീരുമാനിക്കുകയായിരുന്നു.
കോളേജിൽ നിന്നും പുറത്താക്കിയാൽപോലും സംഘടനാ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് എഴുതിനൽകില്ലെന്ന നിലപാടിലായിരുന്നു എസ്.എൻ കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി. ഈ തീരുമാനത്തെ മറികടന്നാണ് ഇന്നലെ മൂന്ന് പേർ കോളേജ് അധികൃതർ മുന്നോട്ടുവച്ച ഉറപ്പുകൾ അംഗീകരിച്ചത്. അതേസമയം കോളേജ് അധികൃതർ മുന്നോട്ട് വച്ച ആവശ്യങ്ങൾ തൽക്കാലം അംഗീകരിക്കാൻ എസ്.എഫ്.ഐക്ക് സി.പി.എം നേതൃത്വം നിർദ്ദേശം നൽകിയതായി സൂചനയുണ്ട്. എസ്.എഫ്.ഐക്കാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന അപേക്ഷയുമായി മൂന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ കോളേജ് അധികൃതരെ സമീപിച്ചിരുന്നു.