കൊട്ടിയം: തീപിടിച്ച് വീടും ലക്ഷക്കണക്കിന് രൂപയുടെ ഗൃഹോപകരണങ്ങളും കത്തിനശിച്ചു. തീപിടിക്കുന്നത് കണ്ട് കൊച്ചുകുട്ടികളടക്കമുള്ള താമസക്കാർ ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി. വാർപ്പും ഓടുമുള്ള വീടിന്റെ മുൻവശത്തെ ഓട് മേഞ്ഞ മുറികൾ പൂർണമായും അഗ്നിക്കിരയായി.
ഇന്നലെ രാത്രി 8.15ഓടെയായായിരുന്നു സംഭവം. തട്ടാമല സ്കൂളിനടുത്ത് മൈത്രി നഗറിൽ തുളസീമന്ദിരത്തിലാണ് തീപിടിത്തം ഉണ്ടായത്. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന ശാർക്കര തൊടിയിൽ റഹുമാൻ മൻസിലിൽ റഹിമിന്റെ ഭാര്യ ഹസീനയും മകൾ നിഷയും അവരുടെ മക്കളുമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. വീടിന്റെ മുൻഭാഗത്തെ മുറിയിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പുറത്തേക്ക് എടുത്തിട്ട ശേഷം ഇവർ ഓടി മാറുകയായിരുന്നു.
വിവരമറിഞ്ഞ് ജില്ലാ ഫയർ ഓഫീസർ ഹരികുമാറിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘമെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രാത്രി വൈകിയും വീട്ടിൽ നിന്ന് തീയും പുകയും ഉയർന്നുകൊണ്ടിരിന്നു.
തവണ വ്യവസ്ഥയിൽ വീട്ടുപകരണങ്ങൾ വിൽക്കുന്നയാളാണ് റഹീം. കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ വീട്ടുപകരണങ്ങളുൾപ്പെടെ കത്തി നശിച്ചതായി വീട്ടുകാർ പറഞ്ഞു.