കൊല്ലം: ലെവൽ ക്രോസ് മാറ്റി സ്ഥാപിച്ച് കൂട്ടിക്കടയിലെ ഗതാഗതസ്തംഭനത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു. ഈ ആവശ്യമുന്നയിച്ചുകൊണ്ട് കൂട്ടിക്കടക്കാർ ഒന്നടങ്കം ഒരേ മനസോടെ അണിനിരക്കുകയാണ്. എതിർദിശകളിൽ നിന്ന് കൂട്ടിക്കടയിലെത്തിച്ചേരുന്ന മയ്യനാട്, തട്ടാമല റോഡുകളുടെ ജംഗ്ഷനിലെ വളവ് ഒഴിവാക്കി റോഡ് പരസ്പരം ബന്ധിപ്പിച്ച് ലെവൽക്രോസ് മാറ്റി സ്ഥാപിക്കണമെന്നാണ് കൂട്ടിക്കടക്കാരുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസങ്ങളിൽ കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തകളുടെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് സംഘം ഇന്ന് കൂട്ടിക്കടയിലെത്തി പരിശോധന നടത്തും.
ഗതാഗത സ്തംഭനം ഒഴിവാക്കാൻ
റോഡ് വക്കിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കുക
കടകളുടെ അനധികൃത ഇറക്കുകൾ നീക്കുക
ലെവൽക്രോസ് കടക്കുന്ന വാഹനങ്ങൾ നിര പാലിക്കുക
ആലുംമൂട് ഭാഗത്ത് നിന്ന് നിലവിൽ ഒരു പ്രൈവറ്റ് ബസ് മാത്രമാണ് കൂട്ടിക്കടയിലേക്ക് വരുന്നത്. പീടികമുക്കിൽ നിന്ന് തുടങ്ങി കവിതമുക്കിലെത്തുന്ന ലിങ്ക് റോഡുണ്ടാക്കിയാൽ ആലുംമൂട് ഭാഗത്ത് നിന്നുള്ള വാഹനങ്ങൾക്ക് തട്ടാമല റോഡിലെത്തി ലെവൽക്രോസ് കടക്കാം. ''
എസ്. അൻസർ (വ്യാപാരി)
മയ്യനാട്, തട്ടമല റോഡുകളുടെ വളവ് ഒഴിവാക്കി നേരെ എതിർദിശയിലാക്കി നടുവിൽ ലെവൽക്രോസ് സ്ഥാപിക്കണമെന്നത് നല്ല നിർദ്ദേശമാണ്. എത്രയുംവേഗം ഈ പരിഷ്കാരം നടപ്പാക്കണം.''
എസ്. ഷിജു (ഓട്ടോ ഡ്രൈവർ)
മേല്പാലം നിർമ്മിക്കുന്ന കാര്യം ബുദ്ധിമുട്ടായ സാഹചര്യത്തിൽ വളവ് ഒഴിവാക്കിയെങ്കിലും ഗതാഗത പ്രശ്നം പരിഹരിക്കണം. ഇതിന്റെ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന കച്ചവടക്കാരുടെ പുനരധിവാസം ഉറപ്പാക്കണം.''
എസ്. റാഫി (വ്യാപാരി വ്യവസായി ഏകോപന സമിതി കൂട്ടിക്കട യൂണിറ്റ് ജന. സെക്രട്ടറി)