പുനലൂർ: പുനലൂർ നഗര സഭ പ്ലാച്ചേരിയിൽ സ്ഥാപിച്ചിരിക്കുന്ന ഖരമാലിന്യ സംസ്കരണ പ്ലാന്റ് ലോക ബാങ്കിന്റെ പ്രതിനിധി സംഘം സന്ദർശിച്ചു. പദ്ധതി നേരിട്ട് മനസിലാക്കാനായിരുന്നു സന്ദർശനം. നഗരസഭയുടെ ഈ പദ്ധതിയാണ് സംഘം മാതൃക പദ്ധതികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഹരിതായനം എന്ന പേരിൽ നഗരസഭ നടപ്പിലാക്കിയ മാലിന്യനിർമ്മാർജ്ജന പദ്ധതി ഏറെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞു. നഗരസഭ അതിർത്തിയിൽ നിന്ന് ശേഖരിക്കുന്ന പാഴ് വസ്തുക്കൾ ഉപയോഗിച്ച് ശിൽപ്പങ്ങളും മറ്റും ഉണ്ടാക്കുന്ന പാർക്കും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇതുകാണാൻ ദൂരസ്ഥലങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളും പ്ലാച്ചേരിയിൽ എത്തുന്നുണ്ട്. മുൻ നഗരസഭ ചെയർമാൻ എം.എ. രാജഗോപാൽ, മുൻ ഉപാദ്ധ്യക്ഷ കെ. പ്രഭ, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സുഭാഷ് ജി. നാഥ്, വി. ഓമനക്കുട്ടൻ തുടങ്ങിയവർ പ്രതിനിധികൾക്ക് പദ്ധതിയെ സംബന്ധിച്ച് വിശദീകരിച്ചു.