wave

കൊല്ലം: നീണ്ടകരയിൽ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് കടലിൽ അകപ്പെട്ട നാല് മത്സ്യത്തൊഴിലാളികളെ മറൈൻ എൻഫോഴ്‌സ്‌മെന്റ് രക്ഷപ്പെടുത്തി.
ഇന്നലെ രാവിലെ എട്ടോടെ നീണ്ടകര അഴിമുഖത്തായിരുന്നു അപകടം. വെള്ളനാതുരുത്ത് കുന്നുമ്പുറത്ത് വീട്ടിൽ ഉണ്ണിക്കൃഷ്‌ണന്റെ (50) ഉടമസ്ഥതയിലുള്ള ചങ്ങാതി എന്ന കാരിയർ വള്ളമാണ് തകർന്നത്. ഉണ്ണിക്കൃഷ്ണന് പുറമെ അമ്പലപ്പുഴ കരൂർ തെക്കേറ്റത്ത് വീട്ടിൽ ഗിരീഷ് (40), ചവറ പൊന്മന രഞ്ജിത്ത് ഭവനിൽ രാമചന്ദ്രൻ (55), കരുനാഗപ്പള്ളി ക്ലാപ്പന തറവേലിൽ വീട്ടിൽ ജോഷ് കുമാർ (48) എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. സമീപത്ത് പട്രോളിംഗിലായിരുന്ന മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘം ഇവരെ രക്ഷിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു. ഫിഷറീസ് വകുപ്പിന്റെ വാഹനത്തിൽ നീണ്ടകര ഫൗണ്ടേഷൻ ആശുപത്രിയിലെത്തിച്ചു. ജോഷ്‌കുമാറിനും രാമചന്ദ്രനും ചെറിയ തോതിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. മറ്റ് രണ്ട് പേർക്കും കാര്യമായ പ്രശ്നങ്ങളില്ല. വള്ളവും വലയും സുരക്ഷിതമായി തീരത്തെത്തിച്ചു.