sn

 ടി.സിക്കുള്ള അപേക്ഷ ഒപ്പിട്ട് നൽകി

കൊല്ലം: തെറ്റുകൾ ഏറ്റു പറഞ്ഞതിനൊപ്പം ഇനി കാമ്പസിനുള്ളിൽ സംഘടനാ പ്രവർത്തനം നടത്തില്ല എന്നതടക്കം 21 ഉറപ്പുകൾ ഒപ്പിട്ട് നൽകി സസ്പെൻഷനിലായിരുന്ന എസ്.എൻ കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികൾ ക്ലാസുകളിൽ തിരികെ പ്രവേശിച്ചു.

അനുമതിയില്ലാതെ ക്ലാസിൽ നിന്ന് വിദ്യാർത്ഥികളെ വലിച്ചിറക്കൽ, അദ്ധ്യാപക‌ർക്ക് നേരെ അസഭ്യവർഷം തുടങ്ങിയ അച്ചടക്കലംഘനങ്ങളുടെ പേരിൽ ഈമാസം 3നാണ് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും ഉൾപ്പെടെ ഏഴ് എസ്.എഫ്.ഐ പ്രവർത്തകരെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

ഇനി അച്ചടക്കലംഘനം ഉണ്ടാകില്ലെന്ന ഉറപ്പ് എഴുതി വാങ്ങിയ ശേഷം സസ്പെൻഡ് ചെയ്തവരെ തിരികെ പ്രവേശിപ്പിക്കാൻ കഴിഞ്ഞ ദിവസം കോളേജ് കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. എന്നാൽ, കോളേജ് അധികൃതർ മുന്നോട്ടുവച്ച അച്ചടക്ക നിർദ്ദേശങ്ങൾ അംഗീകരിക്കേണ്ടെന്ന നിലപാടിലായിരുന്നു എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി. പക്ഷെ വ്യാഴാഴ്ച മൂന്ന് യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ കോളേജ് അധികൃതർ മുന്നോട്ടുവച്ച ഉറപ്പുകൾ പൂർണമായും അംഗീകരിച്ചു. ഇവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും അടക്കമുള്ള നാലുപേർ ഇന്നലെ നിലപാട് മാറ്റി 'എന്ത് ഉറപ്പും നൽകാം, തങ്ങളെയും കോളേജിൽ തിരികെ പ്രവേശിപ്പിക്കണം'എന്ന അപേക്ഷയുമായി എത്തുകയായിരുന്നു.

ഇനി എന്തെങ്കിലും അച്ചടക്കം ലംഘനം കാട്ടിയാൽ കോളേജിൽ നിന്ന് പുറത്താക്കുമെന്ന വ്യവസ്ഥയിൽ ടി.സിക്കുള്ള അപേക്ഷയും എസ്.എഫ്.ഐ നേതാക്കൾ ഒപ്പിട്ടു നൽകി. കോളേജിന്റെ സമാധാനാന്തരീക്ഷവും പഠനവും തകർക്കാൻ എസ്.എഫ്.ഐയുടെ പേരിൽ ഒരുവിഭാഗം വിദ്യാർത്ഥികൾ നടത്തുന്ന അച്ചടക്കലംഘനവും അക്രമങ്ങളും അക്കമിട്ടു നിരത്തി കേരളകൗമുദി നിരവധി റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെ എസ്.എഫ്.ഐ കോളേജ് യൂണിറ്റ് പ്രതിഷേധിക്കുകയും കേരളകൗമുദിയെ അധിക്ഷേപിച്ച് ഫേസ്ബുക്കിലും സമൂഹമാധ്യമങ്ങളിലും പ്രചാരണം നടത്തുകയും ചെയ്തിരുന്നു. തുടർന്ന് കോളേജ് അധികൃതരും മാനേജ്മെന്റും ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് യൂണിറ്റ് ഭാരവാഹികൾ മുട്ടുമടക്കാൻ തയ്യാറായത്.

 എസ്.എഫ്.ഐ പ്രവർത്തകർ നൽകിയ പ്രധാന ഉറപ്പുകൾ

സംഘടനാ പ്രവർത്തനം നിരോധിച്ച ഹൈക്കോടതി ഉത്തരവ് ലംഘിക്കില്ല

വിദ്യാർത്ഥികളെ ക്ലാസിൽ നിന്ന് പ്രകടനങ്ങൾക്ക് വിളിച്ചിറക്കില്ല

അദ്ധ്യാപകരോട് മോശമായി പെരുമാറില്ല

പ്രിൻസിപ്പലിന്റെ അനുമതിയില്ലാതെ യോഗങ്ങൾ നടത്തില്ല

സർക്കാരിനോ മാനേജ്മെന്റിനോ എതിരായ സമരങ്ങളിൽ പങ്കെടുക്കില്ല

ധർണകളും പ്രകടനങ്ങളും നടത്തില്ല