ഒരു മാസത്തിനിടെ 119 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു
ഇന്നലെ എച്ച് 1 എൻ1 ബാധയില്ല
കൊല്ലം: ജില്ലയിൽ അഞ്ച് പേർക്ക് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലയിൽ ഡെങ്കിപ്പനിയും വൈറൽ പനിയും പടരുന്നു. ഇന്നലെ മാത്രം 8 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. വൈറൽ പനിക്ക് ചികിത്സ തേടുന്നവരുടെ എണ്ണവും ഉയരുകയാണ്.
ഓച്ചിറ, ശൂരനാട്, മാങ്കോട് പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി കണ്ടെത്തിയത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഈ മേഖലകളിൽ മെഡിക്കൽ ക്യാമ്പുകളും ബോധവത്കരണ ക്ലാസുകളും സജീവമാക്കി.
എച്ച്1 എൻ1 ബാധിച്ച് കുട്ടി മരണപ്പെട്ട കണ്ണനല്ലൂർ വടക്കേമുക്കിൽ സംഘടിപ്പിച്ച ക്യാമ്പിൽ 200 ൽപരം പേർ പങ്കെടുത്തു. പനിയുടെ ലക്ഷണങ്ങൾ കണ്ടവരുടെ രക്ത സാമ്പിളുകൾ ശേഖരിക്കുകയും മരുന്നുകൾ നൽകുകയും ചെയ്തു. ജില്ലാ കളക്ടർ ബി അബ്ദുൽ നാസർ ക്യാമ്പ് സന്ദർശിച്ചു.
എച്ച്. വൺ എൻ വൺ ബാധിച്ച് മരിച്ച കണ്ണനല്ലൂർ ചേരിക്കോണത്തെ ആരുണി എസ്. കുറുപ്പിന്റെ വീട്ടിലെത്തി കളക്ടർ ബന്ധുക്കളെ ആശ്വസിപ്പിച്ചു.
കഴിഞ്ഞമാസങ്ങളിൽ ശരാശരി 400 ൽ താഴെയാളുകളാണ് പനിക്ക് ചികിത്സ തേടിയിരുന്നത്. എന്നാൽ ഈ വ്യാഴാഴ്ച മാത്രം 955 പേരാണ് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മാത്രം പനിബാധിതരായി എത്തിയത്. ചിക്കൻപോക്സും വയറിളക്കവും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പടർന്ന് പിടിക്കുന്നുണ്ട്. കഴിഞ്ഞ ഒരുമാസത്തിനിടെ 119 പേർക്ക് ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗബാധിതരുടെ രക്തസാമ്പിളുകൾ പരിശോധിക്കാൻ ജില്ലാ പബ്ലിക് ഹെൽത്ത് ലാബിന്റെ പ്രവർത്തനം വൈകിട്ട് നാലുവരെ നീട്ടി.
ചികിത്സ തേടിയവരുടെ എണ്ണം
തീയതി വൈറൽ പനി, ഡെങ്കിപ്പനി, ചിക്കൻപോക്സ്, വയറിളക്കം
25: 955 5 10 113
24: 953 2 9 101
23: 935 5 6 121
22: 838 9 5 139
'' പനി നിയന്ത്രണ വിധേയമാണ്. ആവശ്യത്തിന് മരുന്നുകൾ ലഭ്യമാണ്.''
ബി അബ്ദുൽ നാസർ (കളക്ടർ)