sunil
സുനിൽകുമാർ

ഇന്നലെ കുടുങ്ങിയത് ആറ് കഞ്ചാവ് കച്ചവടക്കാർ

കൊല്ലം: ജില്ലയിൽ യുവാക്കൾ സംഘടിക്കുന്ന സ്ഥലങ്ങളിൽ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തുന്ന പ്രത്യേക പരിശോധന 'ഓപ്പറേഷൻ ക്ലീൻ കൊല്ല'ത്തിൽ ഇന്നലെ ആറ് കഞ്ചാവ് വില്പനക്കാർ കുടുങ്ങി. കഞ്ചാവ് കേസിലെ വിചാരണയ്ക്ക് ശേഷം കോടതിമുറിയിൽ നിന്ന് നേരെ കഞ്ചാവ് വിൽക്കാൻ പുറപ്പെട്ടയാളും പിടിയിലായി. പ്രതി ഉപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തു. കൊല്ലം വെസ്റ്റ് എച്ച് ആൻഡ് സി കോളനിയിൽ സുനിൽകുമാറാണ് (33) രണ്ട് കിലോ കഞ്ചാവുമായി കോടതി പരിസരത്ത് നിന്ന് പിടിയിലായത്.

കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് 50 ഗ്രാം കഞ്ചാവുമായി പിടിയിലായ ചവറ സ്വദേശികളായ രണ്ട് യുവാക്കളാണ് ആദ്യം പിടിയിലായത്. ഇവർക്ക് ഫോൺ മുഖാന്തരം കഞ്ചാവ് കച്ചവടക്കാരെ പരിചയപ്പെടുത്തിയ രാമൻകുളങ്ങര സ്വദേശി സിബിനെ തൊട്ടുപിന്നാലെ പിടികൂടി. സിബിനിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ നഗരത്തിലെ ചില്ലറ വില്പനക്കാരനായ തങ്കശ്ശേരി സ്വദേശി ഡിനുഭായിയെ കസ്റ്റഡിയിലെടുത്തു. ഡിനുഭായിയെ ചോദ്യം ചെയ്തപ്പോഴാണ് സുനിൽകുമാറിനെയും സഹോദരൻ ശ്രീകുമാറിനെയും കുറിച്ചുള്ള വിവരം ലഭിച്ചത്.

ജില്ല കോടതിയിൽ കഞ്ചാവ് കേസിന്റെ വിസ്താരത്തിന് ഹാജരായശേഷം പുറത്തിറങ്ങി വാഹനത്തിൽ കരുതിയിരുന്ന കഞ്ചാവുമായി വിൽപനയ്ക്ക് തങ്കശ്ശേരി ഭാഗത്തേക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ എക്‌സൈസ് സംഘം സുനിൽകുമാറിനെയും ശ്രീകുമാറിനെയും വളഞ്ഞു. പക്ഷെ, ശ്രീകുമാർ എക്സൈസ് സംഘത്തെ വെട്ടിച്ച് കടന്നുകളഞ്ഞു. ശ്രീകുമാറിന്റെ തിരുവനന്തപുരം തിരുമലയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് കിലോ കഞ്ചാവ് കണ്ടെത്തി. തുടർ ദിവസങ്ങളിലും പരിശോധന ഉണ്ടാകുമെന്നു ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എ.എസ്. രഞ്ജിത്ത് അറിയിച്ചു.
കൊല്ലം എകസൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എം. നൗഷാദ്, എക്‌സൈസ് ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ, പ്രിവന്റീവ് ഓഫിസർ നിഷാദ്, ശ്രീകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടോമി, പ്രസന്നൻ, സുനിൽ കുമാർ, കബീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.