epf-111
ജില്ലയിലെ വിവിധ ഇ.പി.എഫ് സംഘടനാ പ്രതിനിധികളുമായി ഭാവി പ്രവർത്തനങ്ങൾ ആലോചിക്കാൻ ജോയിന്റ് കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ ഇ.പി.എഫ് പെൻഷൻകാരുടെ അഖിലേന്ത്യാ സംഘടനയായ നാഷണൽ അജിറ്റേഷൻ കമ്മിറ്റി ചെയർമാൻ കമാൻഡർ അശോക് റാവത്ത് സംസാരിക്കുന്നു

കൊല്ലം: ഇ.പി.എഫ് മിനിമം പെൻഷൻ 7500 രൂപയായി ഉയർത്തണമെന്ന് ഇ.പി.എഫ് പെൻഷൻകാരുടെ അഖിലേന്ത്യാ സംഘടനയായ നാഷണൽ അജിറ്റേഷൻ കമ്മിറ്റി ചെയർമാൻ കമാൻഡർ അശോക് റാവത്ത് ആവശ്യപ്പെട്ടു. മിനിമം പെൻഷനൊപ്പം ഡി.എ യും വർദ്ധിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ വിവിധ ഇ.പി.എഫ് സംഘടനാ പ്രതിനിധികളുമായി ഭാവി പ്രവർത്തനങ്ങൾ ആലോചിക്കാൻ ജോയിന്റ് കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ഇ.പി.എഫ് പെൻഷൻകാർക്കും മെഡിക്കൽ സഹായം നൽകണം. പെൻഷൻ സ്കീമിൽ ചേർന്ന് വിഹിതം അടയ്ക്കാനാകാതെ പദ്ധതിക്ക് പുറത്തായവരെക്കൂടി പദ്ധതിയിൽ ഉൾപ്പെടുത്തി അവർക്ക് പെൻഷൻ കുടിശ്ശിക നൽകണം. ഈ ആവശ്യങ്ങൾ മുൻനിർത്തി സംഘടനയുടെ ആഭിമുഖ്യത്തിൽ രാജ്യത്തെ വിവിധ പി.എഫ് ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തുകയാണ്. ഇന്ന് കൊച്ചിയിൽ ധർണ നടത്തും. ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രി, തൊഴിൽ, ധനമന്ത്രിമാർ, ഇ.പി.എഫ് അധികൃതർ എന്നിവർക്ക് നിവേദനം നൽകി. കൊല്ലം റീജിയണൽ പി.എഫ് കമ്മിഷണർക്കും ഇതിന്റെ പകർപ്പ് നൽകി. 4,12,000 കോടി രൂപ പെൻഷൻ ഫണ്ടിലുണ്ട്. ഇതിന്റെ പലിശ മതിയാകും ഉയർന്ന പെൻഷൻ നൽകാൻ. ഇ.പി.എഫിൽ അവകാശികളില്ലാത്ത ഫണ്ടായി 57000 കോടി രൂപയുണ്ട്. അസംഘടിത തൊഴിൽ മേഖലയിലെ തൊഴിലാളികൾക്ക് മാസം 3000 രൂപ വീതം പെൻഷൻ നൽകുമെന്നാണ് കേന്ദ്ര സസർക്കാർ പറയുന്നത്. ഇതിനായി പ്രതിമാസം 100 രൂപ വീതം അംശാദായം ഈടാക്കി 30 വർഷം കഴിയുമ്പോൾ 3000 രൂപ നൽകുമെന്നാണ് പറയുന്നത്. എന്നാൽ മാസം 541 രൂപ വീതം ഇ.പി.എഫിൽ നിക്ഷേപിച്ച തൊഴിലാളികൾക്ക് 30 വർഷത്തിനു ശേഷം വിരമിക്കുമ്പോൾ 1000 രൂപയാണ് പെൻഷൻ നൽകുന്നത്. ഇതെന്ത് നീതിയാണെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആൾ കേരള ഇ.പി.എഫ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്. ഷാനവാസ്, സെക്രട്ടറി കെ. വിജയദാസ്, വൈസ്‌പ്രസിഡന്റ് പി.ജി സലിംകുമാർ, പി.ആർ.ഒ ഡി.വേണുഗോപാൽ, കേരളകൗമുദി ബ്യൂറോ ചീഫ് സി.വിമൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.