land
ചിറക്കര പഞ്ചായത്തിലെ കുഴുപ്പിൽ ഏലാ കുഴിച്ച് ചെളിയെടുത്ത ഭാഗം

 ഭൂമാഫിയകൾ നിലം വാങ്ങി കൂട്ടുന്നു
 കരയോട് ചേർന്ന ഭാഗം നികത്തി കെട്ടിട നിർമ്മാണം

ചാത്തന്നൂർ: ചിറക്കര പഞ്ചായത്തിൽ ഇരുപ്പൂവ് കൃഷി ചെയ്യുന്ന കുഴുപ്പിൽ ഏലായിൽ നിയമങ്ങൾ കാറ്റിൽപ്പറത്തി ഭൂമാഫിയ നിലം വാങ്ങി കരഭൂമിയായി രൂപാന്തരപ്പെടുത്തുന്നതായി പരാതി. നിലം വാങ്ങുന്നവർ ഇവിടം കുഴിച്ച് പോത്ത് കൃഷി ആരംഭിക്കാൻ ലക്ഷ്യമിടുന്നതായാണ് കർഷകർ പറയുന്നത്. കവുങ്ങും തെങ്ങിൻ തൈകളും അക്വേഷ്യാ മരങ്ങളും നട്ടുവളർത്തി കരഭൂമിയാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളും ഇവർ പരീക്ഷിക്കുന്നുണ്ട്.

നെൽവയൽ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുള്ള നിലങ്ങളാണ് ഇത്തരത്തിൽ നെൽവയൽ സംരക്ഷണ നിയമം കാറ്റിൽപ്പറത്തി രൂപമാറ്റം വരുത്തുന്നത്. കെട്ടിട നിർമ്മാണ ചട്ടങ്ങൾ ദുരുപയോഗം ചെയ്ത് താത്കാലിക നമ്പർ കരസ്ഥമാക്കി കെട്ടിടം വയ്‌ക്കുന്ന ഇത്തരക്കാരുടെ ശ്രമങ്ങൾക്ക് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നതായും ആരോപണമുണ്ട്.

കുഴുപ്പിൽ ഏലായുടെ ഇരുകരകളിലെ തോടും നടുതോടും ഇപ്പോൾ സംരക്ഷണമില്ലാതെ നശിക്കുകയും കൈയേറ്റം മൂലം വീതി കുറഞ്ഞ് നീരൊമൊഴുക്കിനെ ബാധിക്കുകയുമാണ്. നെൽക്കൃഷിക്ക് സുലഭമായി വെള്ളം ലഭിച്ചുകൊണ്ടിരുന്ന കുഴുപ്പിൽ ഏലായുടെ തലക്കുളം ആയിരുന്ന മുള്ളൻചാൽ കുളം ഇന്ന് കൈയേറ്റക്കാരുടെ കഴുത്തുഞെരിപ്പിൽ നീരൊഴുക്ക് നിലച്ച് ജീവശ്വാസം വലിക്കുകയാണ്.

നെൽക്കൃഷി വ്യാപനത്തിനായി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന അധികൃതർ ഇത്തരം പ്രവർത്തികൾ അടിയന്തരമായി നിറുത്തിവയ്പ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കർഷകർ.