കുണ്ടറ: ഗുണമേന്മയുടെ അന്തർദേശീയ അംഗീകാരമായ ഐ.എസ്.ഒ 9001- 2015 സർട്ടിഫിക്കേഷൻ കുണ്ടറ ഗ്രാമ പഞ്ചായത്തിന് ലഭിച്ചു. പഞ്ചായത്ത് ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങളും ജന സൗഹാർദ്ദ സേവനങ്ങളിലൂടെ ജീവനക്കാരുടെ പ്രവർത്തന മികവും പരിഗണിച്ചാണ് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ കുണ്ടറ പഞ്ചയത്തിന് ലഭിച്ചത്. സർക്കാർ ഓഫീസുകൾ പൂർണമായും ജനസൗഹൃദ ഇടങ്ങളാക്കി മാറ്റുക എന്ന സംസ്ഥാന സർക്കാരിന്റെ നയം പ്രാവർത്തികമാക്കിയാണ് കുണ്ടറ ഗ്രാമ പഞ്ചായത്ത് ഐ.എസ്.ഒ അംഗീകാരം നേടിയെടുത്തത്. ജീവനക്കാരുടെ ഔദ്യോഗിക കാര്യക്ഷമത വർദ്ധിപ്പിക്കാനായി തുടർച്ചയായ പരിശീലനമാണ് നൽകുന്നത്. ഫയലുകൾ സൂക്ഷിക്കാൻ ആധുനികരീതിയിൽ സജ്ജീകരിച്ചിട്ടുള്ള റെക്കോർഡ് റൂമും പഞ്ചായത്തിലെ മറ്റൊരു പ്രത്യേകതയാണ്. ഐ.എസ്.ഒ അംഗീകാരത്തിന് പുറമേ പ്രവർത്തന മികവ് പരിഗണിച്ച് നിരവധി അംഗീകാരങ്ങളും ജില്ലാ തലത്തിൽ കുണ്ടറ ഗ്രാമ പഞ്ചായത്തിനെ തേടിയെത്തിയിട്ടുണ്ട്.
പഞ്ചായത്തിന്റെ സേവനങ്ങൾ പൊതുജനങ്ങൾക്ക് പരമാവധി വേഗത്തിൽ ലഭ്യമാക്കാൻ ജീവനക്കാർ ഒത്തൊരുമയോടെ പ്രവർത്തിക്കും. ഐ.എസ്.ഒ അംഗീകാരം തങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കും.
കുണ്ടറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു രാജൻ
വിപുലമായ സൗകര്യങ്ങൾ
പഞ്ചായത്തിലെത്തുന്ന പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ, വിവിധ ഇൻഫർമേഷൻ ബോർഡുകൾ, ഡിസ്‌പ്ലേ സ്ക്രീനുകൾ, കുടിവെള്ളം, ടെലിവിഷൻ, മ്യൂസിക് സിസ്റ്റം തുടങ്ങിയ വിപുലമായ സൗകര്യങ്ങളാണ് പഞ്ചായത്തിലെ ഫ്രണ്ട് ഓഫീസിൽ ഐ.എസ്.ഒ സർട്ടിഫിക്കേഷന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ജീവനക്കാരുടെ ഹാജർ വിവരങ്ങൾ പ്രദർശിപ്പിക്കുന്നതിനായി ഒരുക്കിയിരിക്കുന്ന സംവിധാനമാണ് ഏറെ ശ്രദ്ധ നേടുന്നത്. അപേക്ഷകർക്ക് ആവശ്യ സഹായങ്ങൾ നൽകാനായി ഒരു ഹെൽപ്പ് ഡെസ്കും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഫ്രണ്ട് ഓഫീസ് സംവിധാനത്തിലൂടെ സമയബന്ധിതമായി സേവനങ്ങൾ ഉറപ്പുവരുത്താനും പഞ്ചായത്ത് ജീവനക്കാർ ശ്രദ്ധിക്കുന്നുണ്ട്. പഞ്ചായത്തിലെ മുഴുവൻ ജീവനക്കാർക്കും ഹരിത പ്രോട്ടോക്കോൾ പാലിക്കാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്.