kunnathur
ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിൽ സമരം നടത്തി വന്ന കോൺഗ്രസ് ജനപ്രതിനിധികൾ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുമായി ചർച്ച നടത്തുന്നു

കുന്നത്തൂർ: ശൂരനാട് വടക്ക് ഇയ്യാനം കുടുംബ ക്ഷേമ ഉപകേന്ദ്രം മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നുദിവസമായി കോൺഗ്രസ് ജനപ്രതിനിധികൾ നടത്തിവന്ന സമരം അവസാനിച്ചു. ഉപകേന്ദ്രം ഇയ്യാനത്തു തന്നെ നിലനിറുത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അനിതാ പ്രസാദ് നൽകിയ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

ഇയ്യാനം ജംഗ്ഷനിലെ ഉപകേന്ദ്രം ശൂരനാട് സി.എച്ച് സെന്ററിലേക്ക് മാറ്റാൻ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പഞ്ചായത്ത്‌ കമ്മിറ്റി തീരുമാനമെടുത്തത്. തുടർന്ന് ഇയ്യാനം വാർഡ് അംഗം ലത്തീഫ് പെരുംകുളത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ കുത്തിയിരുപ്പ് സത്യഗ്രഹം ആരംഭിച്ചു. സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് സ്ത്രീകളടക്കം കൂടുതൽ ആളുകൾ എത്തിയതോടെ പ്രസിഡന്റും സെക്രട്ടറിയും സമരക്കാരുമായി ചർച്ച നടത്താൻ തയ്യാറാവുകയായിരുന്നു. ചർച്ചയിൽ പഞ്ചായത്ത്‌ അംഗങ്ങളായ ലത്തീഫ് പെരുംകുളം, എൻ. കൃഷ്ണപിള്ള, ജി. വിജയലക്ഷ്മി, കെ.വി. അഭിലാഷ്, ഗംഗാ ദേവി, രജനി സന്തോഷ്‌, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റുമാരായ എച്ച്. അബ്ദുൽ ഖലീൽ, സുജാതാ രാധാകൃഷ്ണൻ, നേതാക്കളായ മഠത്തിൽ രഘു, വൈ. ഗ്രിഗറി, ശൂരനാട് സുവർണൻ, സി.കെ. പൊടിയൻ എന്നിവർ പങ്കെടുത്തു.