നീണ്ടകര: നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ ലോക കണ്ടൽ ദിനാചരണവും കാർഗിൽ രക്തസാക്ഷി അനുസ്മരണവും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി നീണ്ടകര ബ്രേക്ക് വാട്ടറിന്റെ ഭാഗമായി നിർമ്മിച്ചിട്ടുള്ള തുരുത്തിൽ കണ്ടൽത്തൈകൾ നട്ടു. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി, ഫിഷറീസ് ഹാർബർ എൻജിനിയറിഗ് വകുപ്പുകൾ, ദേശോദ്ധാരണി ഗ്രന്ഥശാല, ഹായ് ക്ളബ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. എൻ. വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ഹെൻറി ഫെർണാണ്ടസ് കാർഗിൽ രക്തസാക്ഷി അനുസ്മരണം നടത്തി. പരിസ്ഥിതി പ്രവർത്തകനായ വി.കെ. മധുസൂദനൻ ബോധവത്കരണ ക്ളാസ് നയിച്ചു. കോസ്റ്റൽ സി.ഐ എസ്. മഞ്ജുലാൽ, ദേശോദ്ധാരണി ഗ്രന്ഥശാല പ്രസിഡന്റ് എ. സഹദേവൻ, എസ്.ഐമാരായ ഭുവനദാസ്, ടി.എ. നജീബ്, പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.സി. പ്രശാന്തൻ, ഡി.ശ്രീകുമാർ, എസ്. അശോകൻ തുടങ്ങിയവർ സംസാരിച്ചു.