vedi
ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തിന്റെ ആലോചനായോഗത്തിൽ പങ്കെടുക്കാനെത്തിയവർ

കൊല്ലം: ശ്രീനാരായണ ഗുരുദേവന്റെ 165 -ാം ജയന്തി കൊല്ലം എസ്.എൻ.ഡി.പി യൂണിയന്റെയും എസ്.എൻ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സെപ്തംബർ 13ന് വിപുലമായി ആഘോഷിക്കും. പ്രളയത്തെതുടർന്ന് കഴിഞ്ഞവർഷം ജയന്തി ആഘോഷം സംഘടിപ്പിച്ചിരുന്നില്ല. ഈ വർഷം ഗംഭീരമായി ആഘോഷിക്കാൻ ഇന്നലെ എസ്.എൻ വനിതാ കോളേജിൽ ചേർന്ന ആലോചനായോഗത്തിൽ തീരുമാനിച്ചു. കൊല്ലം യൂണിയന് കീഴിലുള്ള 76 ശാഖകളെയും എസ്.എൻ ട്രസ്റ്റിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളെയും ആഘോഷത്തിൽ പങ്കെടുപ്പിക്കും.

വർണ്ണാഭമായ ഘോഷയാത്ര, പൊതുസമ്മേളനം എന്നിവ സംഘടിപ്പിക്കാനും തീരുമാനിച്ചു. ആലോചനായോഗം എസ്.എൻ.ട്രസ്റ്റ് ട്രഷറർ ഡോ.ജി.ജയദേവൻ ഉദ്ഘാടനം ചെയ്തു. ആദ്ധ്യാത്മികാചാര്യൻ, ഋഷി, കവി, ദാർശനികൻ, സാമൂഹ്യപരിഷ് കർത്താവ് തുടങ്ങിയ നിലകളിൽ അനിതരസാധാരണമായ വ്യക്തിത്വം പുലർത്തിയ ഗുരുവിന്റെ സ്വാധീനം ഇന്ന് ലോകമെമ്പാടും മാറ്റൊലി കൊള്ളുകയാണെന്ന് അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി.യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യോഗം കൗൺസിലർ പി .സുന്ദരൻ അനുഗ്രഹ പ്രഭാഷണം നടത്തി. അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ, ആനേപ്പിൽ എ.ഡി.രമേഷ്, കൊല്ലം എസ്.എൻ. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.സുനിൽ കുമാർ, വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ.കെ.അനിരുദ്ധൻ, ഷാജി ദിവാകർ, ജി.ഡി.രാഖേഷ്, എം.സജീവ്, ഇരവിപുരം സജീവൻ, നേതാജി രാജേന്ദ്രൻ, അഡ്വ.ഷേണാജി, മഹിമ അശോകൻ, ഡോ.എസ്‌.സുലേഖ, ഷീലാ നളിനാക്ഷൻ, കുമാരി രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.

ആഘോഷത്തിന് 501 പേരടങ്ങുന്ന വിപുലമായ കമ്മിറ്റിക്ക് രൂപം നൽകി. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും എസ്.എൻ.ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനാണ് മുഖ്യ രക്ഷാധികാരി. മറ്റു ഭാരവാഹികൾ: എസ്.എൻ.ട്രസ്റ്റ് ചെയർമാൻ ഡോ.എം.എൻ.സോമൻ (രക്ഷാധികാരി ), അസിസ്റ്റന്റ് സെക്രട്ടറി തുഷാർ വെള്ളാപ്പള്ളി, ഖജാൻജി ഡോ.ജി.ജയദേവൻ (ഉപരക്ഷാധികാരികൾ) എസ്.എൻ.ഡി.പി.യോഗം കൊല്ലം യൂണിയന്റെ പരിധിയിലുള്ള എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗങ്ങൾ, യൂണിയൻ ഭാരവാഹികൾ, ശാഖാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, എസ്.എൻ.ഡി.പി.യോഗം കൊല്ലം യൂണിയൻ വനിതാ സംഘം, യൂത്ത് മൂവ്മെന്റ് ,എംപ്ലോയീസ് ഫോറം, കുമാരി കുമാരസംഘം, സൈബർ സേന ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ നടക്കുക.