പരവൂർ: പൂതക്കുളം പഞ്ചായത്തിലെ മാവിള, ഇടവട്ടം വാർഡുകളിലൂടെ കടന്നുപോകുന്ന വെട്ടുതോടിന് കൈവരിയില്ലാത്തത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. തോടും പരിസരവും കാടുപിടിച്ച് കിടക്കുന്നതും അപകടസാദ്ധ്യത വർദ്ധിപ്പിക്കുകയാണ്. നിരവധി തവണ കാൽനട യാത്രികരും സൈക്കിൾ യാത്രക്കാരും വളർത്തുമൃഗങ്ങളും തോട്ടിൽ വീണിട്ടുള്ളതായി നാട്ടുകാർ പറയുന്നു.
പൂതക്കുളം ഏലായിൽ കൃഷിക്കുള്ള വെള്ളം സംരക്ഷിച്ചു നിറുത്തുന്നതിനും അധികമായി ഒഴുകിയെത്തുന്ന വെള്ളം ഇടയാടി കായലിലേക്ക് ഒഴുക്കിവിടാനും വേണ്ടിയാണ് വെട്ടുതോട് നിർമ്മിച്ചത്. തോടിന് ചില ഭാഗങ്ങളിൽ 45 അടിവരെ താഴ്ചയുണ്ട്. എന്നാൽ, വശങ്ങളിൽ കൈവരിയോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്തതുമൂലം തോട് നാട്ടുകാർക്ക് അപകടക്കെണിയായി മാറുകയായിരുന്നു.
അപകടഭീഷണി അകറ്റണം
പ്രദേശവാസികൾക്ക് അപകടഭീഷണിയായിട്ടും വെട്ടതോടിന്റെ വശങ്ങളിൽ കൈവരി നിർമ്മിക്കുന്നതിന് പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് ഇതേവരെ ഒരുനടപടിയും ഉണ്ടായിട്ടില്ലെന്ന് ഐ.എൻ.ടി.യു.സി പൂതക്കുളം മണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു.
അടിയന്തരമായി തോടിന് സമീപം കാടുപിടിച്ചത് വൃത്തിയാക്കണമെന്നും തോടിന്റെ വശങ്ങളിൽ സംരക്ഷണഭിത്തിയോ കമ്പിവേലിയോ സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ. സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പരവൂർ സജീബ്, ആർ. രതീഷ്, വി.കെ. സുനിൽ കുമാർ, മനീഷ്, വിജയചന്ദ്രക്കുറുപ്പ് എന്നിവർ സംസാരിച്ചു.