motta-jose

പരവൂർ: പരവൂരിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് അൻപത് പവനും അൻപതിനായിരം രൂപയും കവർന്ന സംഭവത്തിലെ പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.

ബുധനാഴ്ച രാത്രി ദയാബ്‌ജി ജംഗ്ഷൻ അനിതാഭവനിൽ മോഹൻലാലിന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തിൽ കുണ്ടറ സ്വദേശി 'മൊട്ട ജോസ്' എന്ന് വിളിക്കുന്ന ജോസിനെ സംശയിക്കുന്നതായും ഇയാൾ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. മറ്റൊരു മോഷണക്കേസുമായി ബന്ധപ്പെട്ട് ജയിൽ ശിക്ഷ കഴിഞ്ഞ് ദിവസങ്ങൾക്ക് മുമ്പാണ് ജോസ് പുറത്തിറങ്ങിയത്.

 വ്യത്യസ്തനാമൊരു 'മൊട്ട ജോസ്'

ഒരു കൊലപാതകവും എട്ടോളം കവർച്ചകൾക്കുമായി എട്ട് വർഷത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷമാണ് 'മൊട്ട ജോസ്' എന്ന ജോസ് ജൂലായ് 10ന് തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. മോഷണത്തിന് മുമ്പ് മോഷണം നടത്താൻ പോകുന്ന വീട്ടിൽ നിന്നോ പരിസരങ്ങളിൽ നിന്നോ ആഹാരം കഴിക്കുകയെന്നത് 'മൊട്ട ജോസിന്റെ' രീതിയാണ്. ഇത്തരത്തിൽ സമീപത്തെ വീട്ടിലെ പ്ലാവിൽ നിന്ന് ചക്ക അടർത്തി കഴിച്ച ശേഷം ആ വീട്ടിലെ സൈക്കിൾ മോഷ്ടിച്ചാണ് ഇയാൾ ദയാബ്‌ജിയിലെ വീട്ടിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിന്റെ അടുത്ത ദിവസം പൊലീസ് നടത്തിയ പരിശോധനയിൽ സൈക്കിൾ മോഷ്ടിക്കപ്പെട്ട വിവരത്തിന്റെയും മോഷണം നടന്ന വീട്ടിൽ നിന്ന് ലഭിച്ച വിരലടയാളത്തിന്റെയും അടിസ്ഥാനത്തിലാണ് ആണ് പ്രതി 'മൊട്ട ജോസ്' ആണെന്ന് തിരിച്ചറിയാൻ സഹായകമായത്.

look-out-notice
പൊലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസ്