lahari
കേരളകൗമുദിയും എക്സൈസ് വകുപ്പും സംയുക്തമായി ചവറ ബേബി ജോൺ മെമ്മോറിയൽ ഗവ. കോളേജിൽ സംഘടിപ്പിച്ച'ബോധപൗർണമി' ലഹരി വിരുദ്ധ സെമിനാർ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എ.എസ്.രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു. കേരളകൗമുദി യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ, കോളേജ് പ്രിൻസിപ്പൽ ഡോ.മിനി എൻ.രാജൻ, എക്സൈസ് ഇൻസ്പെക്ടർ മധുസൂദനൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഗോപകുമാർ, ഡോ.സുനിൽകുമാർ, എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.എൽ. വിജുലാൽ, എൻ.എസ്.എസ് വോളണ്ടിയർ സെക്രട്ടറി ഹരികൃഷ്ണൻ തുടങ്ങിയവർ സമീപം

കൊല്ലം: ലഹരിക്കെതിരായ പ്രവർത്തനങ്ങൾ ലോകമെങ്ങും വിജയം കാണുകയാണെന്നും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ പാഴ്‌വേലയല്ലെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എ.എസ്. രഞ്ജിത്ത് പറഞ്ഞു. 'നമുക്ക് ഒരുമിക്കാം, ലഹരിക്കെതിരെ' എന്ന സന്ദേശവുമായി കേരളകൗമുദിയും എക്സൈസ് വകുപ്പും സംയുക്തമായി ചവറ ബേബിജോൺ മെമ്മോറിയൽ ഗവ. കോളേജിൽ സംഘടിപ്പിച്ച 'ബോധപൗർണമി' ബോധവൽക്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരിക്ക് അടിമപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായകരമായ പ്രവർത്തനങ്ങൾ ഏറെയുണ്ടാകുന്നത് കുട്ടികളിൽ നിന്നാണ്.

കുടുംബ ബന്ധങ്ങളിൽ മൂല്യങ്ങൾ നഷ്‌ടപ്പെടുന്നതാണ് കുട്ടികൾ ലഹരിയുടെ വഴിയേ സഞ്ചരിക്കാൻ കാരണം. ഇന്നത്തെക്കാലത്ത് കുട്ടികൾക്ക് രക്ഷാകർത്താക്കൾക്ക് മേൽ അധീശത്വം ഉറപ്പിക്കാൻ കഴിയുന്നു. ലഹരിയുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റിലാകുന്ന കുട്ടികളിൽ 95 ശതമാനം പേരുടെയും കുടുംബ ബന്ധങ്ങളിൽ കുഴപ്പങ്ങളുണ്ട്. നിരോധിത മയക്കുമരുന്നുകളാണ് കേരളത്തിലെ ലഹരി ഉപയോഗിക്കുന്ന യുവാക്കളിൽ മിക്കവരെയും ആകർഷിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികൾ നിരോധിത പുകയില ഉൽപ്പന്നങ്ങൾ നിരന്തരം ഉപയോഗിക്കുന്നവരാണ്. ഇതിനെയാണ് കേരളത്തിലെ യുവാക്കളിൽ പലരും പിന്തുടരുന്നത്. ഇതിനെല്ലാം പുറമേ മദ്യത്തിന് കൂടി നിരോധനം ഏർപ്പെടുത്തിയാൽ വിജയിക്കുമെന്ന് കരുതാനാകില്ല. മദ്യനിരോധനം ലോകത്തെങ്ങും വിജയിച്ചിട്ടില്ല. വിമുക്തി എന്ന പേരിൽ ലഹരിക്കെതിരെ എക്സൈസ് വകുപ്പ് നടത്തുന്ന ബോധവൽക്കരണ പ്രവർത്തനങ്ങൾ സമൂഹത്തിലാകെ മാറ്റങ്ങളുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കോളേജ് പ്രിൻസിപ്പൽ ഡോ. മിനി എൻ. രാജൻ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി റസിഡന്റ് എഡിറ്രറും യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്‌ണൻ ആമുഖ പ്രഭാഷണം നടത്തി. എൻ.എസ്.എസ് പ്രാഗ്രാം ഓഫീസർമാരായ ഡോ. ജി. ഗോപകുമാർ, ഡോ. ആർ. സുനിൽകുമാർ, എക്സൈസ് ഇൻസ്‌പെക്‌ടർ എസ്. മധുസൂദനൻ പിള്ള, പി.ടി.എ സെക്രട്ടറി ഡോ. പി. ബിജു, കോളേജ് എൻ.എസ്.എസ് യൂണിറ്റ് ഉപദേശക സമിതി അംഗങ്ങളായ ഡോ. എം. റഹിം, പ്രൊഫ. ടി.ജി. ഹരികുമാർ, എൻ.എസ്.എസ് വോളണ്ടിയർ സെക്രട്ടറി പി.ടി. ഹരികൃഷ്‌ണൻ തുടങ്ങിയവർ സംസാരിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.എൽ. വിജുലാൽ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.