road
കെ.ഐ.പിയുടെ തകർന്ന വലത് കര കനാൽ റോഡ്

പുനലൂർ: പുനരുദ്ധാരണപ്രവർത്തനം നടത്താത്തതിനാൽ കല്ലട ഇറിഗേഷന്റെ വലതുകര കനാൽ റോഡ് തകരുന്നു. ഇതുവഴിയുള്ള കാൽനടയാത്ര പോലും ദുഷ്ക്കരമാണ്. ഇടമൺ 17-ാം ബ്ലോക്ക് മുതൽ ചെറുതന്നൂർ വരെയുള്ള 6.5 കിലോമീറ്റോളം ഭാഗത്തെ റോഡാണ് തകർന്നത്. റോഡിന്റെ ശോച്യാവസ്ഥ മൂലം ആനപെട്ടകോങ്കൽ, 17-ാം ബ്ലോക്ക്, ഉദയഗിരി, നാല് സെന്റ് കോളനി, പാറക്കട, ഇടമൺ, വാഴവിള, ചെറുതന്നൂർ തുടങ്ങിയ സ്ഥലങ്ങളിലെ താമസക്കാരാണ് യാത്രാക്ലേശത്താൽ ബുദ്ധിമുട്ടുന്നത്. ഇവർ ദേശീയ പാതയിലേക്കും ഇടമൺ റെയിൽവേ സ്റ്റേഷനിലേക്കും എത്തുന്ന പ്രധാന പാതയാണ് തകർന്നത്. കെ.ഐ.പിയുടെ നിയന്ത്രണത്തിൽ കാൽ നൂറ്റാണ്ട് മുമ്പാണ് വലതുകര കനാൽ റോഡ് പുനരുദ്ധരിച്ചത്. ഒറ്റക്കൽ തടയണയുടെ മുന്നിൽ നിന്നാരംഭിക്കുന്ന കനാൽ റോഡിന്റെ 17-ാം ബ്ലോക്ക് വരെ റീടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കി മാറ്റി. തുടർന്ന് ചെറുതന്നൂർ മുതൽ ചാലിയക്കര, കറവൂർ വഴി കടന്ന് പോകുന്ന ഭാഗങ്ങളും വൃത്തിയാക്കിയിരുന്നു. എന്നാൽ ഇതിന് മദ്ധ്യേയുള്ള 6.5 കിലോമീറ്ററോളം ദൈർഘ്യം വരുന്ന പാതയാണ് തകർന്നത്.

കെ.ഐ.പിയുടെ നിയന്ത്രണത്തിലുള്ള റോഡ് പഞ്ചായത്തിന് വിട്ട് തന്നാൽ റീ ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കും. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയും പഞ്ചായത്ത് അംഗങ്ങളുടെ ഫണ്ട് ഉപയോഗിച്ചുമായിരിക്കും തകർന്ന പാത നവീകരിക്കുക. ഈ ആവശ്യം ഉന്നയിച്ച് 25ന് തെന്മല പരപ്പാർ അണക്കെട്ട് സന്ദർശിക്കാൻ എത്തിയ മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് നിവേദനം നൽകി.

(ആർ. ലൈലജ, പ്രസിഡന്റ്, തെന്മല ഗ്രാമ പഞ്ചായത്ത്)​

​തകർന്ന കനാൽ റോഡിൻെറ 17-ാം ബ്ലോക്ക് മുതൽ പടിഞ്ഞാറോട്ട് 2.80 കിലോമീറ്റർ ദൂരം റീടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കും. ഇതിൻെറ ടെന്റർ നടപടി പൂർത്തിയാക്കി. ഉടൻ നിർമ്മാണം ആരംഭിക്കും. മന്ത്രി കെ. രാജുവിന്റെ ശ്രമ ഫലമായി സർ‌ക്കാരിൽ നിന്നനുവദിച്ച അരക്കോടി രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. ശേഷിക്കുന്ന ഭാഗത്തെ തകർന്ന റോഡും നവീകരിക്കും.

(ഉറുകുന്ന് സുനിൽ കുമാർ, സി.പി.ഐ തെന്മല ലോക്കൽ കമ്മിറ്റി സെക്രട്ടറി)