കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും സി.പി.ഐ കരുനാഗപ്പള്ളി നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ മരുതൂർക്കുളങ്ങര തെക്ക് പടിപ്പുരയിൽ അബ്ദുൽ ലത്തീഫിന്റെ വീട്ടിലെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്ക് സാമൂഹ്യ വിരുദ്ധർ തീ വെച്ച് നശിപ്പിച്ചു. ഇന്നലെ പുലർച്ചെ 2 മണിക്കായിരുന്നു സംഭവം. ബൈക്കിൽ നിന്ന് തീ അടുക്കളയിലെ ജനൽ പാളിയിലേക്കും വ്യാപിച്ചു. ഈ സമയം ലത്തീഫും ഭാര്യയും പേരക്കുട്ടികളും ഉറക്കത്തിലായിരുന്നു. അയൽവാസിയായ അഷറഫ് ആണ് വീടിന് തീ പിടിക്കുന്നത് ആദ്യം കണ്ടത്. ഇയാളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് തീ കെടുത്തിയത്. ഇതിന് ശേഷമാണ് അബ്ദുൽ ലത്തീഫ് വിവരം അറിയുന്നത്. ബൈക്ക് പൂർണമായും കത്തി നശിച്ചു. ജനൽ പാളികളുടെ ഗ്ലാസും തകർന്നിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആർ. രാമചന്ദ്രൻ എം.എൽ.എ, നഗരസഭാ ചെയർപേഴ്സൺ എം. ശോഭന, സാമൂഹ്യ ക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻകോടി തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു.