pickup-1
അപകടത്തിൽപ്പെട്ട പിക്കപ്പ്

വൻദുരന്തം ഒഴിവാക്കിയത് പിക്കപ്പ് ഡ്രൈവറുടെ അവസരോചിത ഇടപെടൽ

എഴുകോൺ: എഴുകോൺ പോസ്റ്റോഫീസ് ജംഗ്ഷനിൽ ഇരുചക്രവാഹനങ്ങൾ തമിൽ കൂട്ടിയിടിച്ച് മുന്നു പേർക്ക് പരിക്കേറ്റു. പത്തനാപുരം മുള്ളൂർ നിരപ്പ് മാങ്കൊട് ലക്ഷ്മി വിലാസത്തിൽ ജയന്തി (43), മകൻ അജയ് (19), കുണ്ടറ ഇളമ്പള്ളൂർ കാഞ്ഞിരംവിള തെക്കതിൽ ജോമി (24) എന്നിവർക്കാണ് പരിക്കേറ്റത്. എതിരേ വന്ന പിക്കപ് ഇവരെ ഇടിക്കാതിരിക്കാൻ വെട്ടിത്തിരിച്ചതിനെ തുടർന്ന് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് പിക്കപ് ഡ്രൈവർക്ക് നിസാര പരിക്കേറ്റു. ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ മൂലമാണ് വൻദുരന്തം ഒഴിവായത്. കൊല്ലത്ത് നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും ഡിയോ സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. അപകടം കണ്ട് എതിരേ തടി കയറ്റി വന്ന പിക്കപ്പ് പെട്ടന്ന് ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് വീണ് തെന്നി നീങ്ങി പിക്കപ്പിന്റെ അടിയിൽ അകപ്പെട്ട ജയന്തിയെയും ജോമിയെയും പിക്കപ്പ് ഉയർത്തിയാണ് പുറത്തെടുത്തത്. ജയന്തിയും അജയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. നിസാര പരിക്കേറ്റ ജോമിയെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. എഴുകോൺ പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.