f
സി.വി. പദ്മരാജൻ

സഹ. അർബൻ ബാങ്ക് പ്രസിഡന്റായതിന്റെ കനകജൂബിലി ആഘോഷം എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും

കൊല്ലം: സ്വാതന്ത്ര്യ സമരസേനാനിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സി.വി. പദ്മരാജന് ഇന്ന് കൊല്ലത്തിന്റെ ആദരം. സംസ്ഥാനത്തെ ഏറ്റവും മികച്ച സഹകരണ ബാങ്കുകളിലൊന്നായ കൊല്ലം സഹകരണ അർബൻ ബാങ്കിന്റെ നേതൃപദവി അദ്ദേഹം ഏറ്റെടുത്തിട്ട് 50 വർഷം തികയുകയാണ്. നേതൃപദവിയുടെ കനകജൂബിലി ആഘോഷകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്കാണ് രൂപം നൽകിയിട്ടുള്ളത്. ഇതിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് കൊല്ലം സി. കേശവൻ സ്മാരക ടൗൺഹാളിൽ ചേരുന്ന ചടങ്ങിൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം എ.കെ ആന്റണി നിർവഹിക്കും.

വിദ്യാർത്ഥി നേതാവ്, അഭിഭാഷകൻ, അദ്ധ്യാപകൻ, അദ്ധ്യാപക സംഘടനാ നേതാവ്, പബ്ളിക് പ്രോസിക്യൂട്ടർ, കെ.പി.സി.സി പ്രസിഡന്റ്, മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചതുൾപ്പെടെ മൂന്ന് പ്രാവശ്യം മന്ത്രി, പ്ളാനിംഗ് ബോർഡ് വൈസ് ചെയർമാൻ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ച അതുല്യ വ്യക്തിത്വത്തിനുടമയാണ് പദ്മരാജൻ. 60 വർഷത്തിലേറെയായി സഹകരണ രംഗത്ത് പ്രവർത്തിച്ചു വരുന്ന അദ്ദേഹം കൊല്ലം സഹകരണ അർബൻ ബാങ്ക് പ്രസിഡന്റ് പദവിയിലെത്തിയിട്ട് 50 വർഷം പിന്നിട്ടു. സാധാരണ ജനങ്ങൾക്കും സഹകാരികൾക്കും അത്താണിയായ അർബൻ ബാങ്കിന് കൊല്ലം താലൂക്കിലെ വിവിധ പ്രദേശങ്ങളിലായി ആധുനിക ബാങ്കിംഗ് സൗകര്യത്തോടെ പ്രവർത്തിക്കുന്ന 15 ശാഖകളും 9 എ.ടി.എമ്മുകളുമുണ്ട്.

സി.വി. പദ്മരാജന്റെ സമർത്ഥമായ നേതൃത്വമാണ് ബാങ്കിന്റെ അസൂയാവഹമായ വളർച്ചയ്ക്കും നേട്ടങ്ങൾക്കും നിദാനമായത്. ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ ഉൾക്കൊള്ളിച്ചും പദ്മരാജന്റെ വൈവിദ്ധ്യമായ പ്രവർത്തന മേഖലകളിലെ മികവിനെ പരാമർശിക്കുന്ന ലേഖനങ്ങൾ സമാഹരിച്ചും സഹകരണ ബാങ്കിംഗ് മേഖലയുടെ വളർച്ചയും നേരിടുന്ന വെല്ലുവിളികളും കൊല്ലം സഹകരണ അർബൻ ബാങ്കിന്റെ ചരിത്രവും ചേർത്ത് ഒരു സുവനീർ പ്രസിദ്ധീകരിക്കാനും ആഘോഷ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

ആദരിക്കൽ ചടങ്ങിൽ തെന്നല ബാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിക്കും. എം.പി മാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ, അടൂർ പ്രകാശ്, സുരേഷ്ഗോപി, എം.എൽ.എമാരായ എം. നൗഷാദ്, എം. മുകേഷ്, മേയർ വി. രാജേന്ദ്രബാബു, പി.കെ. ഗുരുദാസൻ, ആര്യാടൻ മുഹമ്മദ്, പന്ന്യൻ രവീന്ദ്രൻ, ഡോ. എം.കെ. മുനീർ, പി.ജെ. ജോസഫ്, എ.എ. അസീസ്, എൻ. പീതാംബര കുറുപ്പ്, സി.പി. ജോൺ, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ തുടങ്ങിയവർ പങ്കെടുക്കും. സമ്മേളന ശേഷം സ്നേഹവിരുന്നും നടക്കും.