ഓച്ചിറ: ചങ്ങൻകുളങ്ങര എസ്.ആർ.വി.യു.പി സ്കൂളിലെ ശാസ്ത്ര ക്ലബിന്റെയും വിവിധ ക്ലബുകളുടെയും സംയുക്താഭിമുഖ്യത്തിൽ പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണ പരിപാടി നടന്നു . ഇതിന്റെ ഭാഗമായി പേപ്പർ ബാഗ് നിർമ്മാണത്തിൽ കുട്ടികൾക്ക് പരിശീലനം നൽകി. സ്കൂൾ ബാഗിന് പകരമായി ഉപയോഗിക്കാവുന്ന ഉറപ്പുള്ള പേപ്പർ ബാഗുകൾ സ്വയം നിർമ്മിച്ച് ഉപയോഗിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കൂടാതെ നിത്യജീവിതത്തിൽ ഉപയോഗിക്കാവുന്ന പേപ്പർ കവറുകളും നിർമ്മിച്ചു. പ്രശസ്ത ശില്പിയും ചിത്രകാരനും അദ്ധ്യാപക അവാർഡ് ജേതാവുമായ സി. രാജേന്ദ്രൻ ക്ലാസ് നയിച്ചു. പ്ലാസ്റ്റിക്കുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ബോധവൽക്കരണവും നടത്തി. ഹെഡ്മിസ്ട്രസ് എസ്. സിന്ധു അദ്ധ്യക്ഷത വഹിച്ചു. ജി. ഉഷ സ്വാഗതവും എൽ. ഷേർളി നന്ദിയും പറഞ്ഞു. അദ്ധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.