ശാസ്താംകോട്ട: ലോക പ്രകൃതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി ശാസ്താംകോട്ട കായലിന്റെ സംരക്ഷണ പരിപാലനത്തിനു വേണ്ടി തണ്ണീർത്തട സംരക്ഷണ കൂട്ടായ്മ രൂപീകരിച്ചു. കേരള തണ്ണീർത്തട അതോറിറ്റി, പവിത്രേശ്വരം ഗ്രാമീണ മാനവ ദാരിദ്ര്യ മുക്തി കേന്ദ്രം, ദേവസ്വം ബോർഡ് കോളേജിലെ എൻ.എസ്.എസ്, എൻ.സി.സി യൂണിറ്റുകൾ, ഗ്രാമോദ്ധാരണ ഗ്രന്ഥശാല, വാട്സാപ്പ് കൂട്ടായ്മ, കായൽ കൂട്ടായ്മ തുടങ്ങിയ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലാണ് കൂട്ടായ്മ രൂപീകരിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ. നൗഷാദ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗമായ എസ്. ദിലീപ് കുമാർ, ദേവസ്വം ബോർഡ് കോളേജ് പ്രിൻസിപ്പൽ ഡോ. സി. ഉണ്ണിക്കൃഷ്ണൻ, എൻ.സി.സി ഓഫീസർ ഡോ. ടി. മധു, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ആത്മൻ എ.വി, ശാസ്താംകോട്ട സുധീർ, എ.ബി. പാപ്പച്ചൻ, പി.ആർ. ബിജു തുടങ്ങിയവർ സംസാരിച്ചു.