theif
മോഷ്ടിച്ച ടി.വിയുമായി പ്രതികൾ

ചാത്തന്നൂർ: നെടുമ്പന ടി.ബി ആശുപത്രിയിലെ ടെലിവിഷൻ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിലായി. നെടുമ്പന പള്ളിമൺ വില്ലേജിൽ വെളിച്ചിക്കാല ചേരിയിൽ ഷെമീർ (31), ശാന്തിപുരം സ്മശാനത്തിന് സമീപം വാറുവിള വീട്ടിൽ സദ്ദാം ഹുസൈൻ (26) എന്നിവരെയാണ് ചാത്തന്നൂർ പൊലീസ് പിടികൂടിയത്.

ഷെമീർ അടൂരിൽ ഒരു വധശ്രമക്കേസിൽ ജാമ്യത്തിൽ നിൽക്കവേയാണ് ഇപ്പോൾ മോഷണക്കേസിൽ അറസ്റ്റിലായത്. പ്രധാന പ്രതി ഇപ്പോഴും ഒളിവിലാണ്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
2018 മേയ് 10നാണ് ടി.ബി ആശുപത്രിയിലെ ഒ.പി റൂമിൽ സ്ഥാപിച്ചിരുന്ന 75,000 രൂപ വില വരുന്ന ടെലിവിഷൻ മോഷ്ടാക്കൾ ഗ്രിൽ തകർത്ത് വാഹനത്തിൽ കടത്തിയത്. മോഷണം പോയ ടി.വി പൂയപ്പള്ളിയിൽ ആളില്ലാത്ത വീട്ടിൽ ഒളിപ്പിച്ച് വച്ചിരിക്കുകയായിരുന്നു. നിരവധി കേസുകളിൽ പ്രതികളായ ഇവരെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു.
ചാത്തന്നൂർ എ.സി.പി ജോർജ് കോശി, എ.എച്ച്.ഒ വി.എസ്. പ്രദീപ്‌കുമാർ, എസ്.ഐ സരിൻ, എ.എസ്.ഐമാരായ സിറാജുദീൻ, രാമചന്ദ്രൻ, സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പരവൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.