photo
പാരിപ്പള്ളി അമൃത സ്കൂളിലെ എസ്.പി.സി കേഡറ്റുകൾ പി.ടി.എ പ്രസിഡന്റ് രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഡോ. ജയപ്രകാശിന് ഉപഹാരം നൽകി ആദരിക്കുന്നു

പാരിപ്പള്ളി: ചന്ദ്രയാൻ 2ന്റെ ശില്പികളിൽ പ്രമുഖനും ജി.എസ്.എൽ.വി മാർക്ക് 2 റോക്കറ്റ് മിഷൻ ഡയറക്ടറുമായ ഡോ. ജയപ്രകാശിന് നാടിന്റെ ആദരവ്. ഒരു ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ വേളമാനൂരിലെ കുടുംബവീട്ടിലെത്തിയ ജയപ്രകാശിന് നാട്ടുകാരുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ആദരവ് നൽകി.

ഇന്നലെ വൈകിട്ട് പാരിപ്പള്ളി അമൃത സ്‌കൂളിലെ എസ്.പി.സി കേഡറ്റുകൾ പി.ടി.എ പ്രസിഡന്റ് രാധാകൃഷ്ണന്റെ നേതൃത്വത്തിൽ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു. സീനിയർ കേഡറ്റുകൾ അദ്ദേഹത്തിന് ഉപഹാരം നൽകി. തുടർന്ന് ചന്ദ്രയാൻ വിക്ഷേപണത്തെക്കുറിച്ച് ഡോ. ജയപ്രകാശ് കേഡറ്റുകൾക്ക് ക്ലാസെടുത്തു. സി.പി.ഒമാരായ എ. സുഭാഷ് ബാബു, എൻ.ആർ. ബിന്ദു എന്നിവർ നേതൃത്വം നൽകി.

വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ നിന്ന് ഗാന്ധിഭവൻ വൈസ് പ്രസിഡന്റ് അമലിന്റെ നേതൃത്വത്തിൽ ഡോ. ജയപ്രകാശിനെ സന്ദർശിച്ച് പൊന്നാട അണിയിച്ചു. സ്നേഹാശ്രമം വെൽഫെയർ ഒാഫീസർ റുവൽസിംഗ്, ചെയർമാൻ പ്രേമാനന്ദ്, സെക്രട്ടറി രാധാകൃഷ്ണൻ, അജയകുമാർ, കബീർ, രാമചന്ദ്രൻപിള്ള, ആലപ്പാട്ട് ശശി എന്നിവർ പങ്കെടുത്തു. ചാത്തന്നൂർ എൻ.എസ്.എസ് യൂണിയന്റെ നേതൃത്വത്തിലും വാർഡംഗം ആർ.ഡി. ലാലും വീട്ടിലെത്തി അദ്ദേഹത്തെ ആദരിച്ചു.