photo
ശ്രീനാരായണ ട്രോഫി ജലോത്സവത്തിന്റെ ആദ്യ ഫണ്ട് മണ്ണാശ്ശേരിൽ നഴ്സറി ഉടമ ബി.ശിവപ്രസാദിൽ നിന്നും എൻ. വിജയൻപിള്ള എം.എൽ.എ ഏറ്റുവാങ്ങുന്നു. ആർ.രാമചന്ദ്രൻ എം.എൽ.എ, നഗരസഭാ ചെയർപേഴ്സൺ എം. ശോഭന, അനിൽകുമാർ ടി. നായർ, സി.ആർ. മഹേഷ്, പ്രവീൺകുമാർ, റെജി ഫോട്ടോപാർക്ക് എന്നിവർ സമീപം

കരുനാഗപ്പള്ളി: ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിൽ 80 വർഷമായി കന്നേറ്റി കായലിൽ നടത്തി വരുന്ന ശ്രീനാരായണ ട്രോഫി ജലോത്സവത്തെ ദേശീയ നിലവാരത്തിലേക്കുയർത്താൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. ജലോത്സവത്തിന്റെ ആദ്യ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി സ്വാഗതസംഘം ഓഫീസിൽ സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ദേശീയ പാതയോരത്ത് നടത്തുന്ന ഏക വള്ളം കളിയാണിത്. വള്ളംകളി കാണാനായി ചതയദിനത്തിൽ നിരവധി വിനോദ സഞ്ചാരികളും ഇവിടെയെത്താറുണ്ട്. വിനോദ സഞ്ചാര വകുപ്പുമായി ചേർന്ന് വള്ളംകളി ജനശ്രദ്ധ ആകർഷിക്കുന്ന തരത്തിൽ നടത്തുമെന്ന് ജലോത്സവ കമ്മിറ്റിയുടെ ചെയർമാൻ കൂടിയായ എം.എൽ.എ പറഞ്ഞു. ആദ്യ ഫണ്ട് മണ്ണാശ്ശേരി നഴ്സറി ഉടമ ബി. ശിവപ്രസാദിൽ നിന്ന് വിജയൻപിള്ള എം.എൽ.എ ഏറ്റു വാങ്ങി. തുടർന്ന് ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന വള്ളത്തിന് നൽകാനുള്ള ക്യാഷ് പ്രൈസ് കേശവപുരം തത്ത്വമസിയിൽ അനിൽകുമാർ ടി. നായരിൽ നിന്ന് എൻ. വിജയൻപിള്ള എം.എൽ.എ ഏറ്റു വാങ്ങി. ചടങ്ങിൽ പങ്കെടുത്ത പ്രമുഖരെ ജലോത്സവ കമ്മിറ്രി ജനറൽ ക്യാപ്ടൻ സി.ആർ. മഹേഷ് പൊന്നാടയണിയിച്ച് ആദരിച്ചു. നഗരസഭാ ചെയർപേഴ്സണും ജലോത്സവ കമ്മിറ്റി ജനറൽ കൺവീനറുമായ എം. ശോഭന അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ ശാലിനി രാജീവ്, പി. തമ്പാൻ, സി. വിജയൻ പിള്ള, ചീഫ് കോ ഓർഡിനേറ്റർ എസ്. പ്രവീൺകുമാർ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ പി.ജി. കൃഷ്ണൻ, കൺവീനർ കുളച്ചവരമ്പേൽ ഷാജഹാൻ, ശിവൻകുട്ടി കൊല്ലക, റെജി ഫോട്ടോപാർക്ക്, സുരേഷ് കൊട്ടുകാട്, ബിനോയി കരുമ്പാലിൽ, പുത്തലത്ത് രാധാകൃഷ്ണൻ, രാജു കൊച്ചുതോണ്ടലിൽ, സുരേഷ് ഇഷ്ടം തുടങ്ങിയവർ സംസാരിച്ചു.