cctv
Camera

കൊല്ലം: കളക്ട്രേറ്റിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നു. 15 ലക്ഷം രൂപ ചെലവിൽ 30 നിരീക്ഷണ കാമറകളാണ് കളക്ടറേറ്റ് വളപ്പിൽ വിവിധയിടങ്ങളിലായി സ്ഥാപിക്കുന്നത്.
പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗത്തിനാണ് പുതുതായി നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിന്റെ ചുമതല. പഴയ കാമറകൾ നീക്കം ചെയ്ത് പ്രവേശന കവാടങ്ങൾക്ക് പുറമേ കളക്ടറേറ്റിലെ എല്ലാ നിലകളിലെയും വരാന്തകളിലടക്കമാണ് പുതുതായി സ്ഥാപിക്കുന്നത്. കരാർ നടപടികൾ പൂർത്തിയാക്കി ഒന്നര മാസത്തിനുള്ളിൽ കാമറകൾ സ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ. കളക്ടറേറ്റിലെ കൺട്രോൾ റൂമിലാകും കാമറകളിലെ ദൃശ്യങ്ങളുടെ നിരീക്ഷണം.

 നിലവിലെ സുരക്ഷാ സംവിധാനം അപര്യാപ്തം

എട്ട് വർഷം മുമ്പ് കളക്ടറേറ്റിലെലെ നാല് പ്രവേശനകവാടങ്ങളിലെയും ദൃശ്യങ്ങൾ ലഭിക്കത്തക്കവിധം നിരീക്ഷണ കാമറകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇതിലെ ദൃശ്യങ്ങൾ സ്ഥിരമായി നിരീക്ഷിച്ചിരുന്നില്ല.

2016 ജൂൺ 15ന് കളക്ടറേറ്റ് വളപ്പിൽ ചെറിയ സ്ഫോടനം നടന്നപ്പോഴാണ് അധികൃതർ സി.സി ടി.വി കാമറകളെക്കുറിച്ച് ഓർത്തത്. കാമറകൾ എല്ലാം പ്രവർത്തിക്കുന്നുണ്ടായിരുന്നെങ്കിലും സെർവറിലെ തകരാർ കാരണം ദൃശ്യങ്ങളൊന്നും ശേഖരിക്കപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ സ്ഫോടനം നടത്തിയവരെ പിടികൂടാൻ അന്വേഷണ സംഘത്തിന് ഏറെ പണിപ്പെടേണ്ടി വന്നു.

കാമറാ സംവിധാനത്തിന്റെ അറ്റകുറ്റപ്പണി നടത്താൻ നിയോഗിച്ച കെൽട്രോണിനെ ജില്ലാ ഭരണകൂടം സമീപിച്ചെങ്കിലും പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറി. സ്ഫോടനത്തിന് ശേഷം എല്ലാ പ്രവേശന കവാടങ്ങളിലെയും മറ്റ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയെങ്കിലും പുതിയ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നത് നീളുകയായിരുന്നു. ഒരു വർഷം മുമ്പ് കളക്ടറുടെ ചേംബറിൽ മാത്രം നിരീക്ഷണ കാമറ സ്ഥാപിച്ചിരുന്നു.

 30 നിരീക്ഷണ കാമറകൾ

 പദ്ധതി തുക 15 ലക്ഷം

 നിരീക്ഷണം കളക്ടറേറ്റിലെ കൺട്രോൾ റൂമിൽ