സി.വി.പത്മരാജൻ കൊല്ലം സഹകരണ അർബൻ ബാങ്കിന്റെ നേതൃപദവിയിലെത്തിയതിന്റെ ഒരു വർഷം നീളുന്ന കനകജൂബിലി ആഘോഷംതുടങ്ങി
കൊല്ലം: കേരളം കണ്ട പ്രഗത്ഭരായ ധനകാര്യ മന്ത്രിമാരിൽ മുൻപന്തിയിലാണ് സി.വി.പത്മരാജന്റെ സ്ഥാനമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണി പറഞ്ഞു. സി.വി.പത്മരാജൻ കൊല്ലം സഹകരണ അർബൻ ബാങ്കിന്റെ നേതൃപദവിയിലെത്തിയതിന്റെ ഒരു വർഷം നീളുന്ന കനകജൂബിലി ആഘോഷം കൊല്ലം ടൗഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്മരാജൻ വക്കീൽ ഇല്ലായിരുന്നുവെങ്കിൽ ധനകാര്യ വകുപ്പ് കുഴപ്പത്തിലാകുമായിരുന്നു. മന്ത്രിസഭയിലെ എത്ര പ്രമാണിയായ മന്ത്രി ബഹളംവച്ചാലും സാമ്പത്തിക അച്ചടക്കം വിട്ടുള്ള നിർദേശങ്ങളൊന്നും അദ്ദേഹം അംഗീകരിച്ചിരുന്നില്ല. അദ്ദേഹം നോ പറഞ്ഞുകഴിഞ്ഞാൽ അത് മന്ത്രിസഭയുടെ അംഗീകാരം നേടില്ലായിരുന്നു. പ്രവർത്തിച്ച മേഖലകളിലെല്ലാം നിർഭയമായി ഇടപെട്ട അദ്ദേഹം കേരളത്തിലെ മാതൃകാ പൊതുപ്രവർത്തകനാണ്. പൊതുജീവിതത്തിൽ സമാനതകളില്ലാത്ത വിശ്വാസ്യത നിലനിറുത്താൻ കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ നേട്ടമെന്നും ആന്റണി പറഞ്ഞു.
തെന്നല ബാലകൃഷ്‌ണപിള്ള അദ്ധ്യക്ഷനായിരുന്നു. എം.പിമാരായ എൻ.കെ.പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, രാജ്മോഹൻ ഉണ്ണിത്താൻ, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്‌ണ, എം.നൗഷാദ് എം.എൽ.എ, മുൻ മന്ത്രി പി.കെ.ഗുരുദാസൻ, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്, ഡി.സി.സി മുൻ പ്രസിഡന്റുമാരായ ജി.പ്രതാപവർമ്മതമ്പാൻ, എൻ.അഴകേശൻ, കെ.സി.രാജൻ, സി.പി.ഐ ദേശീയ കൗൺസിൽ അംഗം എൻ.അനിരുദ്ധൻ, എൻ.പീതാംബരകുറുപ്പ്, കേരള ബാർ കൗൺസിൽ ചെയർമാൻ അഡ്വ.ഇ.ഷാനവാസ്ഖാൻ, കോ ഓപ്പറേറ്റീവ് അർബൻ ബാങ്ക് ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ.ജയവർമ്മ, അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ കൊല്ലം യൂണിറ്റ് പ്രസിഡന്റ് എൻ.ചന്ദ്രസേനൻ, കെ.സോമയാജി, ആർ.രമണൻ തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പുഷ്‌പവൃഷ്‌ടി നടത്തിയാണ് സി.വി.പത്മരാജനെ വേദിയിലേക്ക് ആനയിച്ചത്. എ.കെ.ആന്റണി, സി.വി.പത്മരാജനെ ആദരിച്ചു. സ്നേഹവചസുകൾക്ക് സി.വി.പത്മരാജൻ മറുപടി പ്രസംഗം നടത്തി.
പരവൂരിൽ സി.വി.പത്മരാജന്റെ
പൂർണ്ണകായ പ്രതിമ സ്ഥാപിക്കണം
പരവൂരിൽ സി.വി.പത്മരാജന്റെ പൂർണ്ണകായ പ്രതിമ സ്ഥാപിക്കണമെന്ന് മുൻ എം.പി എൻ.പീതാംബരകുറുപ്പ് പ്രസംഗത്തിനിടെ ആവശ്യപ്പെട്ടു. പരവൂർ എസ്.എൻ.വി.ആർ.സി ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു അതിന് മുൻകൈ എടുക്കണം. ഡി.സി.സി പ്രസിഡന്റ് മേൽനോട്ടം വഹിക്കണം. ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കണമെന്നും പീതാംബരക്കുകുറുപ്പ് പറഞ്ഞു. വരും തലമുറകൾ പത്മരാജന്റെ സമാനതകളില്ലാത്ത ജീവിതത്തെ അടുത്തറിയാൻ ഇത് അനിവാര്യമാണെന്നും പീതാംബരകുറുപ്പ് പറഞ്ഞു.