c
ഓട്ടിസം

കൊല്ലം: കൊല്ലം ഗവ.ഗേൾസ് എച്ച്.എസിൽ പ്രവർത്തിക്കുന്ന ഓട്ടിസം ക്ലിനിക്ക് സ്‌കൂൾ വളപ്പിലെ കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തിപ്പിക്കാൻ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതിയുടെ നിർദേശം. ഓട്ടിസം ക്ലിനിക്കിനെ സ്‌കൂളിൽ നിന്ന് പുറത്താക്കാൻ ഉദ്യോഗസ്ഥ തലത്തിൽ നടത്തുന്ന നീക്കങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തകളെ തുടർന്ന് നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.ആർ. സന്തോഷ്‌കുമാറും അംഗങ്ങളും സ്‌കൂളിലെത്തിയിരുന്നു. കാര്യങ്ങൾ നേരിൽക്കണ്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ സ്ഥിരം സമിതി ഓട്ടിസം ക്ലിനിക്ക് സ്‌കൂൾ വളപ്പിൽ തന്നെ നിലനിറുത്താൻ നിർദേശിച്ചത്.

പരിഹാരം

* പ്ലസ് ടു അനുവദിച്ചാൽ പ്രവർത്തിക്കാനായി നിർമ്മിച്ച കെട്ടിടം കൊല്ലം ഗവ.ഗേൾസ് എച്ച്.എസിൽ ഒഴിഞ്ഞ് കിടക്കുന്നു. സ്‌കൂൾ സൊസൈറ്റിയുടെ ബോർഡ് ഒരു ക്ലാസ് മുറിക്ക് മുന്നിൽ സ്ഥാപിച്ചതൊഴിച്ചാൽ മറ്റൊന്നിനും കെട്ടിടം ഉപയോഗിക്കുന്നില്ലെന്ന് സമിതിയുടെ കണ്ടെത്തൽ.

* ഓട്ടിസം ക്ലിനിക്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് സൊസൈറ്റി മാറ്റാനും സൊസൈറ്റിയുടെ ബോർഡിരിക്കുന്ന കൂടുതൽ സൗകര്യങ്ങളുള്ള കെട്ടിടത്തിലേക്ക് ഓട്ടിസം ക്ലിനിക്ക് മാറ്റാനും സമിതിയുടെ നിർദേശം.

ആവശ്യമെങ്കിൽ അടുത്ത കൗൺസിൽ യോഗത്തിന്റെ അംഗീകാരം വാങ്ങി തീരുമാനം വൈകാതെ നടപ്പിലാക്കും.

പരിമിതി

*നിലവിലെ ഓട്ടിസം ക്ലിനിക്കിൽ കുട്ടികളുടെ വികാസത്തിനായി ആവശ്യമായ സൗകര്യങ്ങളില്ല.

*ഉപകരണങ്ങൾ എല്ലാമുണ്ടെങ്കിലും അതുപയോഗിച്ച് കുട്ടികളെ പരിശീലിപ്പിക്കാനുള്ള സ്ഥലക്കുറവാണ് പ്രധാന പരിമിതി.

 ഈ കുഞ്ഞുങ്ങളോട്

എന്തിനീ ക്രൂരത?

അനുകമ്പ ലഭിക്കേണ്ട കുഞ്ഞുങ്ങളോട് വിദ്യാഭ്യാസ വകുപ്പിലെ ചില പ്രമാണിമാർ ക്രൂരതയോടെയാണ് പെരുമാറിയത്. ഒരു പതിറ്റാണ്ടിലേറെയായി ഗവ.ഗേൾസ് എച്ച്.എസിൽ പ്രവർത്തിക്കുന്ന 60 കുട്ടികളുള്ള ഓട്ടിസം ക്ലിനിക്കിനെ ഒഴിപ്പിക്കാനാണ് അവർ ശ്രമിച്ചത്. മുളങ്കാടകത്ത് മുൻപ് കേന്ദ്രീയ വിദ്യാലയം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലേക്ക് ഓട്ടിസം ക്ലിനിക്ക് മാറ്റാൻ നിർദേശിച്ച ബി.പി.ഒ ഓഫീസിലെ ഉന്നതർ കോൺക്രീറ്റ് കെട്ടിടങ്ങൾ ആദ്യമേ സ്വന്തമാക്കി. തകര ഷീറ്റ് മേഞ്ഞ പഴയ കെട്ടിടങ്ങളാണ് ഈ കുഞ്ഞുങ്ങൾക്കായി നീക്കി വെച്ചത്. തുടർന്നാണ് ഈ നെറികേടിനെതിരെ രക്ഷിതാക്കളുടെയും കേരളകൗമുദിയുടെയും ഇടപെടലുണ്ടായത്.

 മുഖ്യമന്ത്രി പറഞ്ഞാലും ‌

ഇവരെ ഞങ്ങൾ ഒഴിപ്പിക്കും !

മുഖ്യമന്ത്രി ഇടപെട്ടാലും ഓട്ടിസം ക്ലിനിക്കിനെ കൊല്ലം ഗവ.ഗേൾസ് എച്ച്.എസിൽ നിന്ന് ഒഴിപ്പിക്കുമെന്നാണ് സ്‌കൂളിലെ ഒരു പ്രധാനി പ്രഖ്യാപിച്ചത്.

മാനുഷിക പരിഗണനകളേതുമില്ലാതെയാണ് ഈ കുഞ്ഞുങ്ങൾക്കെതിരെ വിദ്യാഭ്യാസ വകുപ്പിലെ ഉന്നതർ തിരിഞ്ഞത്. പുതിയ കെട്ടിടം കണ്ടെത്താനുള്ള നിർദേശംപോലും പൂഴ്‌ത്തിവച്ചു. സ്കൂൾ വളപ്പിലെ ഒരു കുടുസ് മുറിയിൽ പ്രവർത്തിപ്പിക്കുന്ന ഓട്ടിസം ക്ലിനിക്കിനെ കുടിയൊഴിപ്പിക്കാൻ ശ്രമിച്ചവർ സ്കൂൾ വളപ്പിലെ രണ്ട് നില കെട്ടിടത്തിൽ വളരുന്ന ആൽമരങ്ങളെ അലങ്കരമായി കാണുകയാണ്.