കൊല്ലം: ടിക് ടോക്കിൽ ഇനി ആരുണിയുടെ മിന്നുന്ന പ്രകടനങ്ങൾക്കായി ആരും കാത്തിരിക്കേണ്ട. ഒരു കൊച്ചു നക്ഷത്രമായി അവൾ ഇനി ഓർമ്മയിൽ മാത്രം. ശോഭനയും മഞ്ജു വാര്യരും രേവതിയും ഉർവശിയും മാത്രമല്ല, മോഹൻലാൽ അടക്കമുള്ള നടൻമാർ അഭിനയിപ്പിച്ചു പൊലിപ്പിച്ച ഡയലോഗുകൾക്കൊപ്പം ഭാവാഭിനയം നടത്തുന്ന ആരുണിയുടെ വേർപാട് സാമൂഹ്യ മാദ്ധ്യമങ്ങളിൽ നൊമ്പരമായി പടരുകയാണ്.
ഉർവശിയുടെ ഡയലോഗുകൾക്കൊപ്പം അഭിനയിക്കാനാണ് അവൾ കൂടുതൽ താല്പര്യം കാട്ടിയിരുന്നത്. വീട്ടിൽ വരുന്ന ബന്ധുക്കൾക്ക് മുന്നിലും അവൾ തന്റെ പ്രതിഭ പ്രകടിപ്പിച്ചിരുന്നു. സിനിമയിലെ ദൃശ്യം ഒന്നോ രണ്ടോ തവണ കണ്ടാൽ മതി, അവൾ അതുപോലെ അഭിനയിച്ചു കാട്ടിയിരുന്നു. ടെലിവിഷനിലെ സിനിമാ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞ് അവൾ അതുപോലെ ഡയലോഗ് പറഞ്ഞ് അഭിനയിക്കാൻ ശ്രമിക്കുന്നത് അമ്മയുടെ ശ്രദ്ധയിൽപെട്ടിരുന്നെങ്കിലും അതു കാര്യമാക്കിയില്ല. അച്ഛൻ സനോജ് ഒരുവർഷം മുമ്പ് ഗൾഫിലുണ്ടായ അപകടത്തിൽ മരിച്ചു. അതിന്റെ സങ്കടത്തിൽ കഴിഞ്ഞിരുന്ന അമ്മ അശ്വതിയുടെ വിഷമം മാറ്റാൻ അവൾ കണ്ട വഴിയായിരുന്നു അഭിനയം. അമ്മയുടെ മുന്നിൽ സിനിമാ ഡയലോഗ് പറഞ്ഞ് അവൾ അഭിനയിക്കാൻ തുടങ്ങി. അതു കണ്ട് അമ്മ ചിരിക്കുന്നതായിരുന്നു അവളുടെ ഏറ്റവും വലിയ സന്തോഷം. ക്രമേണ അമ്മ മകളുടെ പ്രതിഭ തിരിച്ചറിഞ്ഞു.
അങ്ങനെയാണ് അമ്മ മകളുടെ അഭിനയം പകർത്തി ടിക് ടോക്കിലിട്ടത്. കഴിഞ്ഞ ജൂണിലാണ് ആദ്യമായി അവൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ആരാധകർ ഏറിയതോടെ നിരവധി താരങ്ങളുടെ സംഭാഷണത്തിനൊത്ത് അഭിനയിച്ച് ടിക് ടോക്കിലെ താരമായി. തലയണമന്ത്രത്തിലെ കാഞ്ചന മുതൽ മണിച്ചിത്രത്താഴിലെ ഗംഗ വരെ ആരുണിയെന്ന കൊച്ചു മിടുക്കിയിലൂടെ മിന്നിമറഞ്ഞു.
ഒരു ദിവസം ഒന്നിലധികം തകർപ്പൻ വീഡിയോകളാണ് ആരുണി ടിക്ടോക്കിൽ പോസ്റ്റ് ചെയ്തിരുന്നത്. പഠനത്തിലും മിടുക്കിയായിരുന്നു. നൃത്തവും കീ ബോർഡും ഗിറ്റാറുമെല്ലാം ആരുണി അഭ്യസിച്ചിരുന്നു.
കണ്ണനല്ലൂർ ചേരിക്കോണം രമ്യയിൽ പരേതനായ സനോജ് സോമരാജന്റെയും അശ്വതിയുടെയും ഒരേയൊരു മകളായിരുന്നു ഒൻപത് വയസുകാരിയായ ആരുണി.
കഴിഞ്ഞ 21ന് വൈകിട്ട് പനിയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ആരുണിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വച്ച് ബോധം നഷ്ടമായതോടെ തിരുവനന്തപുരം എസ്.എ.ടിയിൽ എത്തിച്ചു. പക്ഷേ, കഴിഞ്ഞ ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ ആരുണി മരണത്തിന് കീഴടങ്ങുകയായിരുന്നു. എച്ച് വൺ എൻ വൺ രോഗത്തെ തുടർന്ന് തലച്ചോറിലുണ്ടായ അണുബാധയായിരുന്നു മരണ കാരണം. ടിക് ടോക്കിലെ മിന്നുന്ന പ്രകടനം കണ്ട് ലഹരി വിരുദ്ധ ബോധവൽക്കരണത്തിനുള്ള മണിക്കുട്ടി എന്ന സിനിമയിലെ പ്രധാന കഥാപാത്രമായി ആരുണിയെ അണിയറ പ്രവർത്തകർ തിരഞ്ഞെടുത്തിരുന്നു. ഇതിന്റെ ഷൂട്ടിംഗ് ആരംഭിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ആരുണി യാത്രയായത്.