കുളത്തൂപ്പുഴ: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് നാട്ടുകാരെ സംരക്ഷിക്കാനായി സ്ഥാപിച്ചിരുന്ന സംരക്ഷണ വേലി തകർന്നത് ഭീതി പടർത്തുന്നു. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച സൗരോർജ വേലികളാണ് മതിയായ സംരക്ഷണം ലഭിക്കാത്തതിനെ തുടർന്ന് നശിക്കുന്നത്. തിരുവനന്തപുരം - ചെങ്കോട്ട അന്തർ സംസ്ഥാന പാതയോരത്തും അഞ്ചൽ, കുളത്തൂപ്പുഴ, തെന്മല വനം റെയിഞ്ചുകളിലുമാണ് കിലോമീറ്ററുകളോളം സൗരോർജ വേലികെട്ടി സംരക്ഷണമൊരുക്കിയിരുന്നത്. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി തേക്ക് പ്ലാന്റേഷന് ചുറ്റും സ്ഥാപിച്ച സോളാർ വേലികളുടെ കാലുകൾ സാമൂഹ്യ വിരുദ്ധർ കടത്തികൊണ്ട് പോയിട്ടുണ്ട്. ജനവാസമേഖലയിൽ വന്യമൃഗങ്ങളിറങ്ങുന്നത് വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീക്ഷണിയായതോടെയാണ് ലക്ഷങ്ങൾ മുടക്കി ഏതാനും മാസംമുമ്പ് വനം വകുപ്പ് സോളാർ വേലി സ്ഥാപിച്ചത്.
പേടിപ്പെടുത്തി കാട്ടാനയും കാട്ടുപോത്തും
കാട്ടാനയും കാട്ടുപോത്തും ഉൾപ്പടെയുള്ള വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് എത്താതിരിക്കാനാണ് വനം വകുപ്പ് പദ്ധതി നടപ്പാക്കിയത്. സംരക്ഷണ വേലി തകർന്നതോടെ കൃഷിയിടങ്ങളിൽ കാട്ടാനക്കൂട്ടം ഇറങ്ങുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. സോളാർ പാനലിൽ നിന്ന് കമ്പിവേലികളിലൂടെ വൈദ്യുതി കടത്തി വിട്ടാണ് കാട്ടു മൃഗങ്ങളെ അകറ്റിയിരുന്നത്. മതിയായ സംരക്ഷമില്ലാതെ വന്നതോടെയാണ് ഇവ തകർച്ചയിലായതെന്ന് നാട്ടുകാർ പറയുന്നു.
സംരക്ഷണ വേലി സാമൂഹ്യ വിരുദ്ധർ നശിപ്പിക്കുന്നു
പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർ അധിവസിക്കുന്ന ഡാലികരിക്കകം കോളനിയുടെ സംരക്ഷണാർത്ഥം നിർമ്മിച്ച സംരക്ഷണ വേലിയും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചിട്ടുണ്ട്. കർഷകർക്കും നാട്ടുകാർക്കും ഏറെ പ്രയോജനകരമായ സൗരോർജ വേലികളുടെ സംരക്ഷണം തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തണെന്ന ആവശ്യം പഞ്ചായത്ത് അധികൃതർ അവഗണിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്. കുളത്തൂപ്പുഴ ഡാലികരിക്കകം പ്രദേശങ്ങളിൽ നിരവധി പേരുടെ ജീവൻ കാട്ടാനകൾ കവർന്നതോടെയാണ് വനം വകുപ്പ് സോളാർ വേലികൾ സ്ഥാപിച്ചത്. വർഷകാലം ശക്തമാകുന്നതോടെ വന്യമൃഗങ്ങൾ മുൻ വർഷങ്ങളിലേത് പോലെ നാശം വിതയ്ക്കുമോ എന്ന ഭീതിയിലാണ് നാട്ടുകാർ.
കാട്ടുവള്ളികൾ വില്ലനാകുമ്പോൾ
വേലിയുടെ ചുവട്ടിൽ പടർന്ന് കയറുന്ന വള്ളിപ്പടലുകൾ വെട്ടി സംരക്ഷിക്കുന്നതിന് തുടക്കത്തിൽ വനം വാച്ചർമാരെ നിയമിച്ചിരുന്നു. ഇവരെ ചുമതലയിൽ നിന്ന് മാറ്റിയതോടെയാണ് സംരക്ഷണ വേലിയുടെ തകർച്ച ആരംഭിച്ചത്. വേലിയിലേക്ക് കാട്ടുവള്ളികൾ പടർന്നു കയറുന്നതോടെ വൈദ്യുതി ഭൂമിയിലേക്ക് വ്യാപിക്കുകയും വൈദ്യുതി പ്രവാഹം നിലയ്ക്കുകയുമായിരുന്നു. കൂടാതെ സൗരോർജ പാനൽ ബോർഡുകളിൽ തകരാറിലാകുന്ന ബാറ്ററികൾ മാറ്റി സ്ഥാപിക്കാൻ വനം വകുപ്പ് തുക വകയിരുത്തുന്നുമില്ല. പണമില്ലാതെ വന്നതോടെയാണ് വനപാലകർക്ക് സൗരോർജവേലി സംരക്ഷിക്കാൻ കഴിയാതായത്.