navas
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഫാർമസിക്കു മുന്നിലെ തിരക്ക്.

ശാസ്താംകോട്ട: പനിയുൾപ്പടെയുള്ള വിവിധ രോഗങ്ങളുമായി ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികൾ മണിക്കൂറുകൾ നീണ്ട ക്യൂവിൽ നിന്ന് വലയുന്നു. ടോക്കൺ നല്കുന്നിടത്തും ചീട്ട് എടുക്കുന്നിടത്തും രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും നീണ്ട നിരയാണ്. സ്റ്റാഫുകൾ കുറവായതിനാലാണ് വലിയ തിരക്ക് ആശുപത്രിയിൽ അനുഭവപ്പെടുന്നതെന്ന് അധികൃതർ പറയുന്നു. വിവിധ പരിശോധനകൾക്കായി ലാബുകളിൽ എത്തുന്നവരും തീരെ വയ്യാത്ത അവസ്ഥയിലും മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ട ഗതികേടിലാണ്. ജോലിക്കിടെ ഹാഫ് ലീവെടുത്ത് വരുന്നവരും സാധാരണക്കാരും കുട്ടികളുമാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത്. തീരെ അവശനിലയിലെത്തുന്ന രോഗികളെ ചികിത്സാ മുറിയിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ രോഗികളുടെ കൂടെ വരുന്നവരും മണിക്കൂറുകളോളം ക്യൂ നിൽക്കുന്നവരുമായി വാക്കേറ്റമുണ്ടാകുന്നതും ഇവിടെ പതിവാണ്.

കൗണ്ടറുകളുടെ എണ്ണം കുറവ്:

ഫാർമസിക്ക് മുന്നിൽ നീണ്ട ക്യൂ

ഫാർമസിക്ക് മുന്നിലെ നീണ്ട ക്യൂവാണ് രോഗികളെ ഏറെ വലയ്ക്കുന്നത്. ഫാർമസിയിൽ ആവശ്യത്തിന് സ്റ്റാഫില്ലെന്നുള്ള പരാതിയെ തുടർന്ന് താൽക്കാലിക നിയമനങ്ങൾ നടത്തിയിരുന്നു. എന്നാൽ മരുന്ന് വിതരണം ചെയ്യാനുള്ള കൗണ്ടറുകുടെ എണ്ണം കുറവായതാണ് ഫാർമസിക്ക് മുന്നിൽ രോഗികളുടെ തിരക്ക് കൂടാൻ കാരണമെന്ന് ആശുപത്രി അധികൃതർ പറയുന്നു.

ദിനംപ്രതി ചികിത്സ തേടി ആശുപത്രിയിലെത്തുന്നത് : 1000ൽ അധികം രോഗികൾ

പനി ക്ലിനിക്കും ഡയാലിസിസ് യൂണിറ്റും

രോഗികളുടെ തിരക്ക് ക്രമാതീതമായി വർദ്ധിച്ചിട്ടും പനി ക്ലിനിക്ക് തുടങ്ങാൻ അധികൃതർ നടപടി സ്വീകരിക്കാത്തത് രോഗികൾക്കിടയിൽ കനത്ത പ്രതിഷേധമുണ്ടാക്കുന്നുണ്ട്. ദിവസവും ആയിരത്തോളം രോഗികളാണ് ഇവിടെ ചികിത്സ തേടി വരുന്നത്. എത്രയും വേഗം ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിക്കണമെന്നും രോഗികൾ ആവശ്യപ്പെടുന്നു.

നിവേദനം

ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ആശുപത്രി സൂപ്രണ്ടിന് നിവേദനം നൽകിയിരുന്നു.

ഇതാണ് ക്യൂ

പരിശോധനാ ഫീസ് അടക്കൽ, ടോക്കൺ എടുക്കൽ, ചീട്ട് എടുക്കൽ, ഡോക്ടർമാരെ കാണൽ, മരുന്ന് വാങ്ങൽ എന്നിങ്ങനെ എല്ലാത്തിനും ക്യൂ നിക്കേണ്ട അവസ്ഥയാണ്.