കൊല്ലം: ആരോടും പരിഭവം കാണിക്കാത്ത നന്മകളുടെ നിറകുടയമായിരുന്നു കരുമാലിൽ സുകുമാരനെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കരുമാലിൽ സുകുമാരന്റെ ഏഴാം ചരമവാർഷികത്തോട് അനുബന്ധിച്ച് കരുമാലിൽ സുകുമാരൻ ഫൗണ്ടേഷൻ പ്രസ് ക്ലബിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കക്ഷിരാഷ്ട്രീയത്തിന്റെ പേരിൽ രാജ്യതാല്പര്യങ്ങൾ പോലും പണയം വയ്ക്കപ്പെടുന്ന കാലമാണിത്. എന്നാൽ ദീർഘകാലം കൊല്ലം മുനിസിപ്പൽ ചെയർമാനും കൗൺസിലറുമായിരുന്ന അദ്ദേഹം സങ്കുചിതമായ കക്ഷിരാഷ്ട്രീയത്തിന് ഒരിക്കൽപ്പോലും അടിമപ്പെട്ടിരുന്നില്ല. രാഷ്ട്രീയ കാപട്യം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഒരിക്കൽപ്പോലും ഉണ്ടായിട്ടില്ല. തനിക്ക് ശരിയെന്ന് തോന്നുന്നത് അദ്ദേഹം വെട്ടിത്തുറന്ന് പറയുമായിരുന്നു. അതിന്റെ പേരിൽ അദ്ദേഹത്തിന് പല നഷ്ടങ്ങളും സഹിക്കേണ്ടി വന്നിട്ടുണ്ട്. തോട്ടിപ്പണി കൊല്ലം നഗരത്തിൽ പൂർണമായും അവസാനിപ്പിച്ചത് അദ്ദേഹം മുൻസിപ്പൽ ചെയർമാനായിരിക്കെയാണ്. ദീർഘകാലം ജനപ്രതിനിധി ആയിരുന്നിട്ടും കാൽക്കാശിന്റെ പോലും അഴിമതി ആരോപണം അദ്ദേഹത്തിന്റെ പേരിൽ ഉയർന്നിട്ടില്ല. കൊല്ലത്തെ എല്ലാ വികസനങ്ങളിലും കരുമാലിൽ സുകുമാരന്റെ വ്യക്തിമുദ്ര കാണാൻ കഴിയുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ച എൻ.കെ. പ്രേമചന്ദ്രനെ ഫൗണ്ടേഷൻ ജോയിന്റ് സെക്രട്ടറി കരുമാലിൽ സതീശൻ പൊന്നാട അണിയിച്ച് ആദരിച്ചു. ഫൗണ്ടേഷൻ വൈസ് ചെയർമാൻ പി. ജെർമിയാസ് സ്വാഗതവും ഡോ. ബിനു മാർത്താണ്ഡൻ നന്ദിയും പറഞ്ഞു.