ശാസ്താംകോട്ട: ഓൾ കേരള ജാക്ക് ഫ്രൂട്ട് പ്രമോഷനും ഫാർമേഴ്സ് അസോസിയേഷൻ ഒഫ് ഇന്ത്യയും സംയുക്തമായി ശാസ്താംകോട്ട ഭരണിക്കാവിൽ സംഘടിപ്പിച്ച ചക്ക മഹോത്സവത്തിന് ജനത്തിരക്കേറുന്നു. ഈ മാസം 12നാണ് ഭരണിക്കാവ് മംഗലശ്ശേരി ബിൽഡിംഗിൽ ചക്ക മഹോത്സവം ആരംഭിച്ചത്. ചക്കയുടെ ജൈവ മൂല്യവും ഔഷധ ഗുണങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് നടത്തുന്ന മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണ പരിശീലനവും ഇവിടെ നടക്കുന്നുണ്ട്. 15 ൽപ്പരം വിവിധ ഇനങ്ങളിലുള്ള മാമ്പഴങ്ങൾ, വിവിധ ഇനം മാവ് - പ്ലാവ് തൈകൾ, കാർഷിക വിളകൾ, നടീൽ വസ്തുക്കൾ എന്നിവയുടെ പ്രദർശനവും വിൽപ്പനയും മേളയ്ക്ക് മാറ്റ് കൂട്ടുന്നു. കൂടാതെ ജാതിക്ക, നെല്ലിക്ക , തേൻ, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും ഖാദി ബോർഡിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന വ്യത്യസ്ത യൂണിറ്റുകളുടെ വൈവിദ്ധ്യമാർന്ന ഉൽപ്പന്നങ്ങളും നിരവധി കാർഷിക ഗൃഹോപകരണങ്ങളും മേളയിലുണ്ട്.
രുചിയൂറുന്ന വിവിധ വിഭവങ്ങൾ
ചക്ക പായസം, ചക്ക ഉണ്ണിയപ്പം, ചക്ക ഹലുവ, ചക്ക ഐസ് ക്രീം, മുതലായ വിഭവങ്ങൾ മേളയിൽ ലഭ്യമാണ്. ചക്ക പായസം, ചക്ക ഉണ്ണിയപ്പം തുടങ്ങിയവ ഉപഭോക്കാക്കളുടെ ആവശ്യപ്രകാരം തത്സമയം തയ്യാറാക്കി നൽകുകയാണ്.
അടുത്ത മാസം 7വരെ
അടുത്ത മാസം 7വരെ നീണ്ടു നിൽക്കുന്ന മേളയുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ രാത്രി 9 മണി വരെയാണ് . പ്രവേശനം സൗജന്യമാണ്.