road
തകർന്ന് ചെളിക്കുണ്ടായ വാളിയോട് പാർക്ക് ജംഗ്ഷൻ മുതൽ കുന്നിൽ ഭാഗം വരെയുള്ള റോഡ്

ഓയൂർ: ഇളമാട് പഞ്ചായത്തിലെ വാളിയോട് കുന്നിൽ നിവാസികൾ സഞ്ചരിക്കാൻ റോഡും കുടിക്കാൻ വെള്ളവുമില്ലാതെ ബുദ്ധിമുട്ടുന്നു. വാളിയോട് പാർക്ക് ജംഗ്ഷൻ മുതൽ കുന്നിൽ ഭാഗം വരെയുള്ള സ്ഥലങ്ങളിലുള്ളവരാണ് യാത്രാ സൗകര്യവും കുടിവെള്ളവുമില്ലാതെ ദുരിതമനുഭവിക്കുന്നത്. ജനപ്രതിനിധികൾ പ്രശ്നപരിഹാരത്തിന് ശ്രമിക്കാത്തത് പ്രദേശവാസികളുടെ ഇടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വർഷങ്ങളായി തകർന്ന് കിടക്കുന്ന റോഡിൽ മരാമത്ത് പണികൾ ചെയ്യുന്നതിൽ അധികൃതർ വിമുഖത കാട്ടുകയാണെന്നാണ് പ്രധാന ആക്ഷേപം. കുടിവെള്ളം പോലും കുന്നിൽ എത്തിക്കാതെ കുന്നിന്റെ താഴെയാണ് വാട്ടർ ടാങ്ക് സ്ഥാപിച്ചിട്ടുള്ളത്. ഇതുമൂലം വെള്ളം തലച്ചുമടായി വീടുകളിലെത്തിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ.

നാട്ടുകാരുടെ ആവശ്യം

2019-20 സാമ്പത്തിക വർഷത്തിലെ പദ്ധതിയിലുൾപ്പെടുത്തി വിളയാട് കുന്നിൽ ഭാഗം റോഡ് കോൺക്രീറ്റ് ചെയ്ത് യാത്രാസൗകര്യം ഒരുക്കുകയും പ്രദേശത്ത് ജലവിതരണത്തിനുള്ള പദ്ധതികൾ നടപ്പാക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.