കുന്നത്തൂർ: കുന്നത്തൂർ കിഴക്ക് കൊക്കാംകാവ് ഭഗവതി ക്ഷേത്രത്തിൽ ബലിതർപ്പണം 31 ന് പുലർച്ചെ 5 മുതൽ നടക്കും. തൃശൂർ തൈക്കാട്ടുശ്ശേരി ഉദയൻ പോറ്റി മുഖ്യകാർമ്മികത്വം വഹിക്കും. ബലിതർപ്പണത്തിനൊപ്പം തിലഹവനത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അന്നദാനവും ഉണ്ടായിരിക്കും. കല്ലടയാറ് കിഴക്കോട്ടൊഴുകുന്ന ഇവിടെ പിതൃതർപ്പണ പൂജയ്ക്കായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ക്ഷേത്രക്കടവിനോട് ചേർന്ന് ബലിപ്പുരകളുടെ നിർമ്മാണം പൂർത്തിയായി. ഒരേ സമയം നൂറിലധികം പേർക്ക് ബലിതർപ്പണം നടത്താം. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് പിതൃമോക്ഷത്തിനു വേണ്ടി ബലിയിടാൻ ഇവിടേക്കെത്തുന്നത്. ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രക്കടവിൽ ബലിതർപ്പണത്തിന് നിരോധനമുള്ളതിനാൽ കൊക്കാംകാവ് ക്ഷേത്രത്തിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.