photo
വെൽ ആൻഡ് കൺസ്ട്രക്ഷൻ താലൂക്ക് കൺവെൻഷൻ കാപക്സ് ചെയർമാൻ പി.ആർ.വസന്തൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : നിർമ്മാണ മേഖലയിലെ അസംസ്കൃത സാധനങ്ങളുടെ വില വർദ്ധനവ് നിയന്ത്രിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് വെൽ ആൻഡ് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) കരുനാഗപ്പള്ളി താലൂക്ക് കൺവെൻഷൻ ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി ഐ.എം.എ ഹാളിൽ സംഘടിപ്പിച്ച കൺവെൻഷൻ കാപ്പെക്സ് ചെയർമാൻ പി .ആർ. വസന്തൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ആർ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. ഗോപി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ നിർമ്മാണ തൊഴിലാളികളുടെ മക്കളെ സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി ടി. മനോഹരൻ ആദരിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ, കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി സെക്രട്ടറി എ. അനിരുദ്ധൻ, ഫെഡറേഷൻ ജില്ലാ സെക്രട്ടറി എം.വൈ. ആന്റണി, സി.ഐ .ടി .യു ചവറ ഏരിയാ കമ്മിറ്റി പ്രസിഡന്റ് എസ്. ശശിവർണൻ തുടങ്ങിയവർ സംസാരിച്ചു. ചവറ, കരുനാഗപ്പള്ളി എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് രണ്ട് ഏരിയാ കമ്മിറ്റികൾ രൂപീകരിക്കാൻ കൺവെൻഷൻ തീരുമാനിച്ചു. എ . വിക്രമൻപിള്ള (പ്രസിഡന്റ്), ആർ. ഗോപി ( സെക്രട്ടറി) എന്നിവരെ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഭാരവാഹികളായും വി.എസ്. രാധാകൃഷ്ണൻ (പ്രസിഡന്റ്), ആർ . രവീന്ദ്രൻ (സെക്രട്ടറി) എന്നിവരെ ചവറ ഏരിയാ കമ്മിറ്റി ഭാരവാഹികളായും തിരഞ്ഞെടുത്തു.