c
വൃത്തിഹീനമായ ഹോട്ടലുകൾക്കെതിരെ നടപടി

തൊടിയൂർ: തൊടിയൂരിൽ പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് അധികൃതരും സംയുക്തമായി നടത്തിയ പരിശോധനയിൽ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയ നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു. ആരോഗ്യ സുരക്ഷ പാലിക്കാതെ വൃത്തിഹീനമായ രീതിയിൽ നടത്തിവന്ന നിരവധി സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ഫൈൻ ഈടാക്കുകയും ചെയ്തു. കല്ലേലിഭാഗം, ചിറ്റുമൂല, ഇടക്കുളങ്ങര, മുഴങ്ങോടി തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകൾ, ഇറച്ചിക്കടകൾ, ബേക്കറി സാധനങ്ങൾ ഉണ്ടാക്കുന്ന സ്ഥലങ്ങൾ, ചിപ്സ് യൂണിറ്റുകൾ, ബേക്കറികൾ, ഹോട്ടലുകൾ, ഹൽവ ഉണ്ടാക്കുന്ന കമ്പനികൾ, ഇറച്ചിവെട്ടു കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. കേരളാ ഫീഡ്സിനു സമീപം വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച ഹൽവാ നിർമ്മാണ കമ്പനിക്ക് പിഴ ചുമത്തുകയും നോട്ടീസ് നൽകുകയും ചെയ്തു. റോഡ് വക്കുകളിൽ അനധികൃതമായി പ്രവർത്തിച്ചു വന്ന ഇറച്ചിവെട്ടു കേന്ദ്രങ്ങൾക്ക് നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു.
പഞ്ചായത്ത് സൂപ്രണ്ട് ഗോപകുമാർ, അസിസ്റ്റന്റ് സെക്രട്ടറി ഷാനവാസ്, സീനിയർ ക്ലാർക്ക് മുഹമ്മദ് ഷാഫി, ഹെൽത്ത്‌ ഇൻസ്പെക്ടർ കെ. രാജീവ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.