കൊല്ലം: അച്ഛനമ്മമാരെ നന്നായി നോക്കിയാൽ ഭാവിയിൽ വൃദ്ധസദനങ്ങളിൽ പോകേണ്ടിവരില്ലെന്ന് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം 542-ാം നമ്പർ കൊല്ലം ടൗൺ കാവൽ ശാഖയുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അച്ഛനമ്മമാരെ കണ്ടാണ് കുട്ടികൾ വളരുന്നത്. രക്ഷാകർത്താക്കൾ സ്വന്തം മാതാപിതാക്കളെ വൃദ്ധസദനങ്ങളിൽ ഉപേക്ഷിച്ചാൽ ഭാവിയിൽ കുട്ടികൾ അതേരീതിയിൽ പ്രവർത്തിക്കും. പണ്ട് ഇവിടെ വൃദ്ധസദനങ്ങൾ ഉണ്ടായിരുന്നില്ല. കുടുംബ ബന്ധങ്ങളിലുണ്ടായ മാറ്റമാണ് നാടുനീളെ വൃദ്ധസദനങ്ങൾ സൃഷ്ടിച്ചത്. കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലും രക്ഷാകർത്താക്കൾ വലിയ ശ്രദ്ധ പുലർത്തണം. പരീക്ഷകളിൽ ഉയർന്ന മാർക്ക് ലഭിക്കുന്നവർക്ക് പോലും ജോലിയും ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനവും ലഭിക്കാത്ത അവസ്ഥയാണിപ്പോൾ. അതുകൊണ്ട് മിടുക്കന്മാരിൽ മിടുക്കനും മിടുക്കിമാരിൽ മിടുക്കിയുമായി കുട്ടികളെ വളർത്തണമെന്നും മോഹൻ ശങ്കർ പറഞ്ഞു.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും മോഹൻശങ്കർ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് കെ. രാജേന്ദ്രൻ തൊടിയിൽ അദ്ധ്യക്ഷത വഹിച്ചു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയിന്റിഫിക് ഹെറിറ്റേജ് ഡയറക്ടർ ഡോ. എൻ. ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, യോഗം ഡയറക്ടർ ബോർഡംഗം ആനേപ്പിൽ എ.ഡി. രമേശ്, യൂണിയൻ വനിതാസംഘം സെക്രട്ടറി ഷീലാ നളിനാക്ഷൻ തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി ടി. സുനിൽകുമാർ സ്വാഗതവും യൂണിയൻ പ്രതിനിധി കെ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.