കൊല്ലം: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കൂട്ട തോൽവിക്ക് പിന്നാലെ അണികളെ പിടിച്ചുനിറുത്താൻ സി.പി.എം നടത്തിവരുന്ന ഭവന സന്ദർശനത്തിൽ വോട്ട് ചെയ്‌തില്ലെന്ന് മുഖത്ത് നോക്കിയുള്ള പലരുടെയും തുറന്ന് പറച്ചിൽ നേരിടേണ്ടിവരികയാണ് നേതാക്കൾക്ക്! സംസ്ഥാന, ജില്ലാ നേതാക്കൾ നടത്തുന്ന ഭവന സന്ദർശനത്തിലാണ് ലോക്‌സഭാ തിരഞ്ഞടുപ്പിൽ തങ്ങൾ വോട്ട് ചെയ്‌തില്ലെന്ന് പല ഉറച്ച പാർട്ടി കുടുംബങ്ങളും നേതാക്കളോട് തുറന്നടിച്ചത്.
എന്നാൽ, ഞെട്ടലിനെക്കാൾ തുറന്ന് പറച്ചിലിന്റെ ആശ്വാസത്തിലാണ് നേതാക്കൾ. കാരണം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് വീണ്ടും എൽ.ഡി.എഫിനെന്ന പിന്നീടുള്ള ആശ്വാസവാക്കാണ് ഭവന സന്ദർശകർക്ക് സമാധാനം നൽകുന്നത്. ശബരിമല വിഷയം തന്നെയായിരുന്നു മിക്കയിടത്തും ഭവന സന്ദർശകർക്ക് നേരിടേണ്ടിവന്നത്. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ കാണിച്ച അനാവശ്യ തിടുക്കവും ചിലരുടെ ദുർവാശിയും സർക്കാരിന് ഹിന്ദുവിരുദ്ധ പ്രതിഛായ ഉണ്ടാക്കിയപ്പോൾ തങ്ങളും അതിനൊപ്പം ചേർന്നെന്ന് പല പാർട്ടി കുടുംബാംഗങ്ങളും തുറന്നടിച്ചുവെന്നാണ് വിവരം. ദേശീയ രാഷ്‌ട്രീയത്തിൽ ബി.ജെ.പിയുടെ വെല്ലുവിളി നേരിടാൻ കോൺഗ്രസ് സജ്ജമാണെന്ന ചിന്തയായിരുന്നു മത ന്യൂനപക്ഷങ്ങൾക്കിടയിൽ പ്രത്യേകിച്ച് മുസ്ലീം വിഭാഗങ്ങൾക്കിടയിൽ വോട്ട് ചോർച്ചയ്‌ക്ക് കാരണമായതെന്നും ഭവന സന്ദർശനത്തിലൂടെ സി.പി.എം നേതാക്കൾക്ക് ബോദ്ധ്യമായി.
ഭരണത്തെ കുറ്റപ്പെടുത്താൻ കാര്യമായി ഒന്നുമില്ലെന്ന് പ്രതികരിച്ച ഒരുവിഭാഗം പക്ഷേ, താഴെ തട്ടിലെ പാളിച്ചകളെ കുറിച്ച് തുറന്ന് പറയുകയും ചെയ്തു. വസ്‌തുവിന്റെ കരമൊടുക്ക് ഓൺലൈനാക്കിയതിനെ തുടർന്നുള്ള പൊല്ലാപ്പുകൾ ചില്ലറയല്ലെന്ന് ചിലർ ചൂണ്ടിക്കാട്ടി. ഓൺലൈൻ കരമൊടുക്കിലൂടെ ചിലർക്ക് കൂടുതൽ ഭൂമി കൈവന്നപ്പോൾ മറ്റ് ചിലർക്ക് കുറവ് അനുഭവപ്പെട്ടു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് തിരഞ്ഞടുപ്പ് വേളയിലുണ്ടായ അനിശ്ചിതത്വവും തിരിച്ചടിക്ക് കാരണമായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്ന് സഹായം ലഭിക്കുന്നതിനും പുതിയ ക്ഷേമ പെൻഷനുകൾക്ക് അപേക്ഷിക്കുന്നതിനുള്ള ഓൺലൈൻ സൈറ്റുകൾ സ്ഥിരമായി പണിമുടക്കിയതും ജനം ചൂണ്ടിക്കാട്ടി.
പെരിയ ഇരട്ട കൊലപാതകം കാസർകോട്ടും ഉത്തര മലബാറിലും മാത്രമല്ല, കേരളമാകെ കൊലപാതക രാഷ്‌ട്രീയത്തിനെതിരെയുള്ള പൊതുവികാരം രൂപപ്പെടുന്നതിന് ഇടയാക്കിയെന്നും നേതാക്കളോട് വീട്ടുകാർ പറഞ്ഞു. ശക്തമായ എതിർപ്പുകൾക്കിടയിലും അഴിമതിയില്ലാത്ത സർക്കാരിന് വീണ്ടും അവസരം നൽകാമെന്ന ഉറപ്പിന്റെ ബലത്തിലാണ് നേതാക്കൾ ഭവന സന്ദർശനം പൂർത്തിയാക്കുന്നത്. എന്നാൽ സമീപകാലത്ത് സി.പി.എമ്മിനെ പിടിച്ചുലച്ച യൂണിവേഴ്സിറ്റി കോളേജ് സംഭവം, ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യ, ബിനോയ് കോടിയേരിക്കെതിരെയുള്ള ലൈംഗിക ആരോപണം തുടങ്ങിയവ സംബന്ധിച്ച ചോദ്യങ്ങൾക്ക് വലിയ പ്രതികരണം ലഭിച്ചില്ലെന്നാണ് ഭവന സന്ദർശനത്തിന് പോയവർ ആവകാശപ്പെടുന്നത്.