mynagappally
കാരൂർക്കടവ് പാലത്തിൽജനകീയ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ഉപരോധം

കുന്നത്തൂർ: കരുനാഗപ്പള്ളി -കുന്നത്തൂർ താലൂക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കാരൂർക്കടവ് പാലത്തിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വടക്കൻ മൈനാഗപ്പള്ളി ജനകീയ സമിതിയുടെ നേതൃത്വത്തിൽ പാലം ഉപരോധിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ ഉപരോധത്തിൽ പങ്കെടുത്തു. മൈനാഗപ്പള്ളി പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.എം. സെയ്ദ് ഉദ്ഘാടനം ചെയ്തു. കെ.ഐ. സഞ്ജയ്, നാദിർഷ കാരൂർക്കടവ്, വൈ. നജീം, ഷിനാസ്, റഷീദ്, കെ.പി. അൻസാർ, കണ്ണൻ, ഷാഹിർ പാലത്തറ, മനാഫ്, ബിജു ബാൽ എന്നിവർ പ്രസംഗിച്ചു. തിരക്കേറിയ പാതയിൽ സ്ഥിതി ചെയ്യുന്ന കാരൂർക്കടവ് പാലം ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വിള്ളൽ രൂപപ്പെട്ടതിനാൽ ഇരുചക്രവാഹന യാത്രികർ അപകടത്തിൽപ്പെടുന്നത് പതിവാണ്. പള്ളിക്കലാറിനു കുറുകേ മൈനാഗപ്പള്ളി -തൊടിയൂർ പഞ്ചായത്തുകളുടെ അതിർത്തിയിലാണ് പാലം സ്ഥിതി ചെയ്യുന്നത്. 1981 മാർച്ചിൽ ഗതാഗതത്തിനായി തുറന്നു കൊടുത്ത പാലത്തിന്റെ കൈവരികളും പ്രധാന തൂണുകളും വരെ തകർച്ചയിലാണ്. പാലത്തിന്റെ ബലക്ഷയം പരിശോധിച്ച് അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യമെങ്കിൽ പുതിയ പാലം അനുവദിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.