d
പൊലീസ്

# അഴിഞ്ഞാടിയത് എസ്.എഫ്.ഐ പ്രവർത്തകനെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്യാനെത്തിയ സംഘം

# നിസ്സഹായരായി പൊലീസുകാർ

# 7 പേർക്കെതിരെ ജാമ്യമില്ലാ കേസ്

# ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കൊല്ലം: എസ്.എഫ്.ഐ പ്രവർത്തകനെ വാഹനത്തിന് രേഖകളില്ലാത്തതിന്റെ പേരിൽ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്യാനെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഇരവിപുരം പൊലീസ് സ്റ്റേഷനിൽ അഴിഞ്ഞാടി. പൊലീസുകാർക്ക് നേരെ അസഭ്യവർഷം നടത്തിയതിന് പുറമെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസുകാർ തടയാൻപോലും ശ്രമിക്കാതെ നിസ്സഹായരായി നോക്കിനിൽക്കുകയായിരുന്നുവത്രെ. സംഭവവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ മയ്യനാട് മേഖലാ സെക്രട്ടറി സച്ചിൻദാസ്, സൂർജിത്ത്, രവിരാജ്, സജീർ എന്നിവർക്ക് പുറമെ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു. ഈ ഏഴുപേരിൽ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. സ്റ്റേഷനിൽ അതിക്രമിച്ച് കടക്കൽ, പൊലീസിന്റെ കൃത്യ നിർവഹണം തടസപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.

ഞായറാഴ്ച വൈകിട്ട് ഇരവിപുരം എസ്.ഐയുടെ നേതൃത്വത്തിൽ മയ്യനാട് വാഹന പരിശോധന നടത്തുന്നതിനിടെ ലൈസൻസ് അടക്കമുള്ള രേഖകളില്ലാതെ ബൈക്കിൽവന്ന സജിൻദാസ് എന്ന എസ്.എഫ്.ഐ പ്രവ‌ർത്തകനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി. സജിന്റെ സുഹൃത്ത് പിന്നീട് വാഹനത്തിന്റെ രേഖകളുമായി എത്തിയപ്പോൾ സജിനെ വിട്ടയച്ചു. ഇതിനുശേഷം വൈകിട്ട് അഞ്ചരയോടെ സജിന്റെ സഹോദരനും ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയുമായ സച്ചിൻദാസിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം സ്റ്റേഷനിലേക്ക് അതിക്രമിച്ച് കടന്ന് പൊലീസുകാരെ തെറി വിളിക്കുകയും ഭീഷണി മുഴക്കുകയുമായിരുന്നു. പത്ത് മിനിറ്റോളം സ്റ്റേഷനകത്തും പുറത്തും അഴിഞ്ഞാടിയശേഷം എല്ലാവരും കൂളായി മടങ്ങിപ്പോയി. ഇവരെല്ലാം മയ്യനാട് കുറ്റിക്കാട് സ്വദേശികളാണ്. സംഭവ സമയം വിരലിലെണ്ണാവുന്ന പൊലീസുകാർ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്റ്റേഷനിൽ കാട്ടിക്കൂട്ടിയ അതിക്രമങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പ്രതികളെ പിടികൂടാൻ ഊർജ്ജിതമായ അന്വേഷണം നടന്നുവരികയാണെന്ന് ഇരവിപുരം സി.ഐ അജിത്കുമാർ പറഞ്ഞു.