ഓടനാവട്ടം: രക്താർബുദത്താൽ തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിൽ കഴിയുന്ന കരിങ്ങന്നൂർ പുതുശ്ശേരിയിൽ ബാബുസദനത്തിൽ ചന്ദ്രബാബുവിന്റെ ഭാര്യ പി. ബിന്ദുമോൾക്ക് പൂയപ്പള്ളി പൊലീസ് നൽകിയ ധനസഹായം സാന്ത്വനമായി. പൂയപ്പള്ളി ഗവ. ഹൈസ്കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ആയിരുന്ന ആരോമലിന്റെ അമ്മയാണ് ബിന്ദു. സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ സഹകരണത്തോടെയാണ് ചികിത്സാ സഹായം നൽകിയത്. പൂയപ്പള്ളി സി.ഐ വിനോദ് ചന്ദ്രൻ, എ.എസ്.ഐ സി. ഷാജി, സിവിൽ പൊലീസ് ഓഫീസർമാരായ എ. ഷിബു, എൻ.ജി. ബിജു, സ്കൂളിലെ കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ വി. റാണി, എ.എൻ. ഗിരിജ എന്നിവർ ബിന്ദുമോളുടെ വീട്ടിലെത്തിയാണ് സഹായം നൽകിയത്. കൂലി വേല ചെയ്ത് കഷ്ടപ്പെട്ടാണ് നിർദ്ധനനായ ചന്ദ്രബാബു കുടുംബം പോറ്റുന്നത്. മൂത്ത മകൻ വിഷ്ണു പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിൽ അസ്ഥിരോഗചികിത്സയിലാണ്. അതിനൊപ്പമാണ് ഭാര്യക്ക് രക്താർബുദം പിടിപെട്ടത്. അടിയന്തരമായി നാലിൽ അധികം കീമോ നടത്തേണ്ടതുണ്ട്. സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. സഹായമെത്തിക്കാനുള്ള വിലാസം.
പി. ബിന്ദുമോൾ, ബാബുസദനം, പുതുശ്ശേരി, കരിങ്ങന്നൂർ-691516. അക്കൗണ്ട് നമ്പർ: 115701000006658, IOB കരിങ്ങന്നൂർ
ഐ.എഫ്.എസ്.സി കോഡ്: IOBA0001157.