സംശയകരമായ ദൃശ്യങ്ങൾ നഗരസഭയുടെ സെർവറിലെത്തും
കൊല്ലം: നഗരത്തിൽ വാഹനങ്ങളിലെത്തി മാലിന്യം വലിച്ചെറിയുന്നവരെ കുടുക്കാൻ ഇന്റലിജന്റ് കാമറകൾ വരുന്നു. കൃത്രിമ ബുദ്ധിയുള്ള പ്രത്യേക സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ പ്രവർത്തിക്കുന്നതിനാൽ സംശയകരമായ ദൃശ്യങ്ങൾ മാത്രമേ ഈ കാമറകൾ നഗരസഭയുടെ സെർവറിലേക്ക് അയയ്ക്കുകയുള്ളു. ഇതിനാൽ കൂടുതൽ സമയം ചെലവഴിക്കാതെ തന്നെ എല്ലാ ദിവസങ്ങളിലും ദൃശ്യങ്ങൾ പരിശോധിക്കാം.
മാലിന്യലോബി കുടുങ്ങും
ചിന്നക്കട, കടപ്പാക്കട, ബീച്ച് അടക്കം ആറ് കേന്ദ്രങ്ങളിലായി നിലവിൽ 30 ഓളം സി.സി.ടി.വി കാമറകൾ നഗരസഭ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ കാമറകളില്ലാത്ത സ്ഥലങ്ങൾ നോക്കിയാണ് കക്കൂസ് മാലിന്യ ലോബിയടക്കം മാലിന്യം തള്ളുന്നത്. നഗരസഭയുടെ ഹെൽത്ത് സ്ക്വാഡ് ഡ്യൂട്ടിയിലുണ്ടാകാത്ത ഞായറാഴ്ചകളാണ് വലിയ അളവിലുള്ള മാലിന്യം തള്ളാനായി പലപ്പോഴും തിരഞ്ഞെടുക്കുന്നത്. ഇവരെ കുടുക്കാനാണ് നഗരസഭ ഇന്റലിജന്റ് കാമറകൾ സ്ഥാപിക്കുന്നത്.
കെൽട്രോണാണ് കാമറകൾ സ്ഥാപിക്കുന്നത്. കാമറകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങളടക്കം പദ്ധതിയുടെ വിശദമായ രൂപരേഖ അടുത്ത കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കും.
ഓട്ടോമാറ്റിക് നമ്പർ പ്ളേറ്റ് റെക്കഗ്‌നിഷൻ
നഗരത്തിൽ സ്ഥാപിക്കുന്ന ഇന്റലിജന്റ് കാമറകൾ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നിഷൻ (എ.എൻ.പി.ആർ) സംവിധാനമുള്ളതാണ്. എത്ര വേഗത്തിൽ പാഞ്ഞുപോകുന്ന വാഹനങ്ങളുടെയും നമ്പർ പ്ലേറ്റ് കൃത്യമായി ഒപ്പിയെടുക്കാൻ ഇതിനാൽ സാധിക്കും.
മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റുമായി കാമറയുടെ സോഫ്റ്റ്‌വെയർ ബന്ധിപ്പിച്ചാൽ മാലിന്യം വലിച്ചെറിയുന്ന വാഹനത്തിന്റെ ഉടമയുടെ പേരിൽ പിഴയുടെ ചെല്ലാൻ സഹിതം തയ്യാറാക്കും. ഉദ്യോഗസ്ഥർ ചെല്ലാൻ വാഹന ഉടമയ്ക്ക് കൈമാറി പിഴ ഈടാക്കിയാൽ മാത്രം മതി.
അപകടം വരുത്തിവച്ച ശേഷം നിറുത്താതെ പോകുന്ന വാഹനങ്ങൾ, ബൈക്കുകളിലെത്തിയുള്ള പിടിച്ചുപറി തുടങ്ങിയ കുറ്റകൃത്യങ്ങൾ കണ്ടെത്താനും ഈ കാമറകൾ പ്രയോജനപ്പെടും.
മാറ്റി മാറ്റി സ്ഥാപിക്കാം
ഇന്റർനെറ്റിന്റെ സഹായത്തോടെ കേബിൾ രഹിതമായി പ്രവർത്തിക്കുന്നതിനാൽ വ്യത്യസ്ത കേന്ദ്രങ്ങളിൽ മാറി മാറി സ്ഥാപിക്കാമെന്നത് പുതിയ കാമറയുടെ പ്രത്യേകതയാണ്.
ഒരു ദിവസം കർബല റോഡിലാണ് കാമറ സ്ഥാപിക്കുന്നതെങ്കിൽ തൊട്ടടുത്ത ദിവസം പള്ളിമുക്കിൽ മാറ്റി സ്ഥാപിക്കാം. ഇങ്ങനെ ഇന്റർനെറ്റ് ലഭ്യമാകുന്ന എവിടെ വേണമെങ്കിലും ഈ കാമറകൾ മാറ്രി സ്ഥാപിക്കാം.
ഉറപ്പിച്ച് നിർത്താൻ ഉറപ്പുള്ള പ്രതലം വേണമെന്ന് മാത്രം. സോളാർ പാനൽ ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ വൈദ്യുതി ബന്ധവും വേണ്ട.
ഒരു കാമറയുടെ വില 3 ലക്ഷം
പ്രവർത്തനം കൃത്രിമ ബുദ്ധിയുടെ സഹായത്താൽ
വൈദ്യുതി ആവശ്യമില്ല, പ്രവർത്തനം സോളാർ പാനലിൽ
കേബിൾ രഹിതം
'' കൃത്രിമ ബുദ്ധിയാണ് ഈ കാമറകളുടെ പ്രത്യേകത. മാലിന്യ നിക്ഷേപകരെ കണ്ടെത്താൻ ഒരു ദിവസത്തെ ദൃശ്യങ്ങൾ വീണ്ടുമൊരു ദിവസമെടുത്ത് പരിശോധിക്കേണ്ട അവസ്ഥ ഒഴിവാകും.''
അഖിലേഷ് നമ്പ്യാർ (കെൽട്രോൺ സീനിയർ എൻജിനിയർ)